ബുഷിന്റെ സാമ്പത്തിക രക്ഷാപദ്ധതി തള്ളി
വാഷിങ്‌ടണ്‍: പ്രതിസന്ധിയിലാണ്ട അമേരിക്കന്‍ സമ്പദ്‌ഘടനയെയും തകര്‍ച്ചയെ അഭിമുഖീകരിയ്‌ക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റാന്‍ പ്രസിഡന്റ് ബുഷ് കൊണ്ടു വന്ന സാമ്പത്തിക പാക്കേജ് യുഎസ് സെനറ്റ് തള്ളി. 205നെതിരെ 208 വോട്ടിനാണ് 70,000 കോടി ഡോളറിന്റെ രക്ഷാപദ്ധതി സെനറ്റ് തള്ളിയത്.
ബുഷിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളും പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയതാണ് ബുഷിന് തിരിച്ചടിയായത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ മൂന്നില്‍ രണ്ടും ബില്ലിനെ പിന്തുണച്ചില്ല.
പദ്ധതി സെനറ്റ് തള്ളിയെന്ന വാര്‍ത്ത പുറത്തുവന്നയുടനെ അമേരിക്കന്‍ ഓഹരി വിപണികള്‍ താഴോട്ടു പോയി. ഡൗ ജോണ്‍സ് സൂചിക ഒറ്റയടിയ്‌ക്ക് 8.8 ശതമാനമാണ് ഇടിഞ്ഞത്. 1987ന് ശേഷം ഇത്രയും വലിയ ഇടിവ് ആദ്യമായാണുണ്ടാകുന്നത്.
അമേരിക്കന്‍ ഓഹരി വിപണികളിലുണ്ടായ ഇടിവ് യൂറോപ്യന്‍, ഏഷ്യന്‍ ഓഹരി വിപണികളിലും പ്രതിഫലിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
പാക്കേജ് തള്ളിയതില്‍ ബുഷ് കനത്ത നിരാശനാണെന്നും ഭാവി നടപടികളെക്കുറിച്ചാലോചിയ്‌ക്കാന്‍ അദ്ദേഹം ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ്‌ഹൗസ് വക്താക്കള്‍ അറിയിച്ചു.
പാക്കേജ് പാസാക്കാനായി അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒന്നിയ്‌ക്കണമെന്ന് ബുഷ് അഭ്യര്‍ഥിച്ചിരുന്നു. ഇത് കൂടാതെ പ്രമുഖ നേതാക്കളെ നേരിട്ട് ബന്ധപ്പെട്ട് പാക്കേജിന് പിന്തുണ ഉറപ്പാക്കാനും പ്രസിഡന്റ് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ് സെനറ്റ് രക്ഷാപദ്ധതി തള്ളിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications