മാനഭംഗം: ഒളിവില്‍പ്പോയ സ്വാമി അറസ്‌റ്റിലായി
ചെന്നൈ: മാനഭംഗക്കേസില് ഉള്പ്പെട്ടതിനെത്തുടര്ന്ന് ഒളിവില്ത്താമസിക്കുകയായിരുന്ന വ്യാജ സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കി. കുഴിത്തുറൈ സ്വദേശിയായ ഭഗവാന് ശ്രീ സുരേശ്വരര് എന്ന സുരേഷാണ് പൊലിസ് പിടിയിലായത്.
ഒരു മാനഭംഗക്കേസില് സുരേഷും സഹായിയായ ശിവകുമാറും കുറ്റക്കാരാണെന്ന് 2005 ആഗസ്റ്റില് മഹിളാ കോടതി വിധിച്ചിരുന്നു. അന്ന് പത്തുവര്ഷത്തെ തടവിനായിരുന്നു ഇവരെ ശിക്ഷിച്ചത്. പത്തുവര്ഷത്തെ തടവിനൊപ്പം ഇവര് 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി നിര്ദ്ദേശിച്ചിരുന്നു.
പിന്നീട് ഇവര് മഹിളാകോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല് 2008 ജൂണ് 13ന് മഹിളാകോടതിയുടെ വിധി മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഈ ദിവസം മുതലാണ് ഇരുവരെയും കാണാതായത് . അന്വേഷണം നടത്തിയ സെന്ട്രല് ക്രൈംബ്രാഞ്ചിന് ഇവരെ പിടികൂടാനും കഴിഞ്ഞില്ല.
മൂന്നുമാസത്തിന് ശേഷം വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് തിരുവാരൂര് ജില്ലയില്നിന്നും ഇവരെ പിടികൂടിയത്. തുടര്ന്ന് ഇവരെ മഹിളാ കോടതിയില് ഹാജരാക്കി, വെള്ളിയാഴ്ച പുഴാല് സെന്ട്രല് ജയിലിലേയ്ക്ക് മാറ്റി.
2001ല് ചെന്നൈക്കാരനായ ഒരു റിയല് എസ്റ്റേറ്റ് ബിസിനസുകാരന്റെ വീടുമായി ബന്ധപ്പെട്ടുതുടങ്ങിയതോടെയാണ് സുരേഷിനെക്കുറിച്ചുള്ള പരാതി ഉയര്ന്നുവന്നത്. ഈ ബിസിനസുകാരന്റെ ഭാര്യയ്ക്ക് അസുഖം വന്നപ്പോള് ഇവരുടെ ബന്ധുകൂടിയായ ശിവകുമാര് അയാളോട് ഭാര്യയുമായി സുരേശ്വരറെ ചെന്ന് കാണാന് പറഞ്ഞു. അതുപ്രകാരം ബിസിനസുകാരനും കുടുംബവും ചെന്ന് സ്വാമിയെ കണ്ടു.
പിന്നീട് എപ്പോള് ചെന്നൈയില് ചെന്നാലും സ്വാമി ഈ ബിസിനസുകാരന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 2003ല് സ്വാമിയുടെ നിര്ദ്ദേശപ്രകാരം ബിസിനസുകാരന് തന്റെ മകളെ ശിവകുമാറിന് വിവാഹം ചെയ്തുകൊടുത്തു. വിവാഹച്ചടങ്ങിലെല്ലാം സ്വാമിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ദമ്പതികള് ഹണിമൂണ് ആഘോഷിക്കാന് ആന്ഡമാനില് പോയപ്പോള് സ്വാമിയും ഇവരെ അനുഗമിച്ചു. പത്തുദിവസം കഴിഞ്ഞ് അവിടെനിന്നും തിരിച്ചെത്തിയശേഷം പെണ്കുട്ടി സ്വാമി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
കല്യാണത്തിന് മുമ്പും വിവാഹരാത്രിയിലും പിന്നീട് ഹണിമൂണ് യാത്രക്കിടയിലുമെല്ലാം ഇയാള് തന്നെ പിഡിപ്പിച്ചിരുന്നുവെന്നാണ് പെണ്കുട്ടി പരാതിപ്പെട്ടിരുന്നത്. ഇതിനെത്തുടര്ന്നാണ് പെണ്കുട്ടിയുടെ പിതാവ് ഇയാള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തത്.












Click it and Unblock the Notifications