സിനിമാ തര്‍ക്കം തീര്‍ന്നു, കുരുക്ഷേത്ര വരുന്നു
കൊച്ചി : കൂടുതല് തീയേറ്ററുകളില് സിനിമ റിലീസ് ചെയ്യുന്നതിനെച്ചൊല്ലി നിര്മ്മാതാക്കളും തീയേറ്റര് ഉടമകളും തമ്മിലുളള തര്ക്കം പരിഹരിച്ചതിനെ തുടര്ന്ന് മോഹന്ലാല് ചിത്രമായ കുരുക്ഷേത്ര രണ്ടു ദിവസത്തിനകം റിലീസ് ചെയ്യും.
മമ്മൂട്ടിയുടെ മായാബസാറും എ ക്ലാസ് തീയേറ്ററുകളില് റിലീസ് ചെയ്യും. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ജനറല് ബോഡി യോഗത്തിലാണ് തര്ക്കത്തിന് പരിഹാരമായത്. തീയേറ്ററുകളില് നിന്ന് മുന്കൂര് പണം വാങ്ങി ചിത്രീകരിക്കുന്ന സിനിമകള് എഴുപതു തീയേറ്ററുകളില് റിലീസ് ചെയ്യാന് തീയേറ്റര് ഉടമകള് സമ്മതിച്ചു.
മുന്കൂര് പണം സ്വീകരിക്കാത്ത ചിത്രങ്ങള്ക്ക് ഒരു നിബന്ധനയും ബാധകമല്ല. എത്ര തീയേറ്ററുകളില് വേണമെങ്കിലും ഈ ചിത്രങ്ങള് റിലീസ് ചെയ്യാം.
നാല്പത്തിയെട്ടു തീയേറ്ററുകളില് മാത്രമേ റിലീസിംഗ് അനുവദിക്കൂവെന്ന നിലപാടിലായിരുന്നു തീയേറ്റര് ഉടമകള്. ഒരുതരത്തിലും ഇത് അംഗീകരിക്കാനാവില്ലെന്ന് നിര്മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. തുടര്ന്നാണ് സംസ്ക്കാരിക വകുപ്പു മന്ത്രി എം എ ബേബിയുടെ മധ്യസ്ഥതയില് ഇരുവിഭാഗവും ചര്ച്ചയ്ക്ക് തയ്യാറായത്.
ബി ക്ലാസ് തീയേറ്ററുകളില് റിലീസ് ചെയ്ത മമ്മൂട്ടിയുടെ മായാബസാര് അത്ര നല്ല പ്രതികരണമല്ല പ്രേക്ഷകരില് ഉണ്ടാക്കിയത്. കടുത്ത ആരാധകര്ക്കു പോലും ചിത്രം ദഹിച്ചിട്ടില്ല. ഈ ചിത്രം ഇനി എ ക്ലാസ് തീയേറ്ററുകളില് എത്രകണ്ട് വരുമാനമുണ്ടാക്കുമെന്ന കാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്.












Click it and Unblock the Notifications