യുഎസ് സാന്പത്തിക മാന്ദ്യം; ഐടി രംഗം പ്രതിസന്ധിയിലേയ്ക്ക്
തിരുവനന്തപുരം: അമേരിക്കയിലെ വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയും തുടര്‍ന്നുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ വിവരസാങ്കേതികരംഗത്തെയും ബാധിക്കുന്നു. യുഎസിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്ന ഇന്റര്‍നാഷണല്‍ മോണ്ടെറി ഫണ്ട്(ഐഎംഎഫ്)ന്റെ പ്രവചനത്തോടെ കേരളത്തിലെ ഐടി രംഗവും ഏതാണ്ട് ഭീതിയിലാണ്ടിരിക്കുകയാണ്.
കഴിഞ്ഞ 30വര്‍ഷമായി ലോകത്തെമ്പാടുമായി ബാങ്കിങ് മേഖലയില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ വിലയിരുത്തിക്കൊണ്ടാണ് ഐഎംഎഫ് ഇത്തരത്തിലൊരു പ്രവചനം നടത്തിയത്.
ആഗോള ഗ്രാമം എന്ന ആശയത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ ഇത്തരത്തില്‍ വരുന്ന ആഗോള പ്രവണതകളില്‍ നിന്നൊന്നും രക്ഷപ്പെടാന്‍ ഇന്ത്യന്‍ ഐടി മേഖലയ്‌ക്കും കഴിയില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
മറ്റേതൊരു മേഖലയെക്കാളും വിവരസാങ്കേതിക മേഖല ആഗോളമായി പരസ്‌പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിനാല്‍ത്തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇവയ്‌ക്കുമേല്‍ ആഘാതമുണ്ടാക്കുമെന്നതില്‍ സംശയമില്ല.
നമ്മള്‍ ജീവിക്കുന്നത് ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ്. ആഗോളതലത്തില്‍ അനുകൂലമായി വരുന്ന മാറ്റങ്ങളെല്ലാം ഐടി മേഖലയ്‌ക്കും ഗുണകരമാകും. അതുപോലെതന്നെ ദോഷകരമായി വരുന്ന ഓരോ മാറ്റവും ഈ മേഖലയെ ദോഷകരമായിത്തന്നെ ബാധിക്കും. ഐടി മേഖല ആഗോളതലത്തില്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ത്യയിലെ ഐടി മേഖലയില്‍ മോശമായ ഒരു തിരയിളക്കമുണ്ടാകാന്‍ പോകുന്നുവെന്നകാര്യം ഉറപ്പാണ്- തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സിഇഒ രാധാകൃഷ്‌ണന്‍ നായര്‍ പറയുന്നു.
ഏറെവര്‍ഷക്കാലത്തെ ഭവനവായ്‌പാ രംഗത്തുണ്ടായ വളര്‍ച്ചയും ഇതിനെത്തുടര്‍ന്ന് യുഎസ് സാമ്പത്തിക സ്ഥാപനങ്ങള്‍ കൈക്കൊണ്ട ദിശാബോധമില്ലാത്ത നടപടികളുമാണ് അമേരിക്കന്‍ ബാങ്കിങ് മേഖലയില്‍ പ്രതിസന്ധി ഉണ്ടാകാന്‍ കാരണമായത്. ഇത്രകാലത്തിനുള്ളില്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും വിചാരിക്കുന്നതിലുമേറെക്കാലം ഈഅവസ്ഥ തുടരുമെന്ന് തന്നെയാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.
2010ത്തോടെആറായിരം കോടി ഡോളറിന്റെ സോഫ്‌റ്റ്‌വേര്‍ കയറ്റുമതി നടത്താനാണ് ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ഐടി രംഗത്തെ സംബന്ധിച്ച് വന്‍പുരോഗതിയാകാനും സാധ്യതയുണ്ട്. എന്നാല്‍ ഈ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുകയാണെങ്കില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്നത് ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ച് വിഷമകരമായ ദൗത്യമായിരിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications