വിശുദ്ധകിരീടം ചൂടാന്‍ ഭരണങ്ങാനം
ഭരണങ്ങാനം : വാഴ്ത്തപ്പെട്ട സിസ്റ്റര് അല്ഫോണ്സയെ വിശുദ്ധയായി മാര്പ്പാപ്പ പ്രഖ്യാപിക്കുന്ന ചടങ്ങിനുളള വിശ്വാസികളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. ഞായറാഴ്ച ഇന്ത്യന് സമയം ഒരു മണിയോടു കൂടിയാണ് റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില് ചടങ്ങുകള് ആരംഭിക്കുന്നത്.
മാര്പ്പാപ്പയുടെ അപ്രമാദിത്വ വരം ഉപയോഗിച്ചാണ് അല്ഫോണ്സയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. പാപ്പയുടെ തീരുമാനങ്ങള് ഒരിക്കലും തെറ്റില്ലെന്ന് വിശ്വാസികള് കരുതുന്നു. ഇന്ത്യയിലെ കത്തോലിക്കാ സഭയില് നിന്ന് ആദ്യമായാണ് ഒരാളിനെ വിശുദ്ധയായി തിരഞ്ഞെടുക്കുന്നത്.
അനൗദ്യോഗിക ചടങ്ങുകളുടെ തുടക്കമായി ആദ്യം പളളിമണികള് മുഴങ്ങും. സിസ്റ്റര് അല്ഫോണ്സയ്ക്കു പുറമെ വാഴ്ത്തപ്പെട്ടവരായി തിരഞ്ഞെടുക്കപ്പെട്ട എറിക്കോ ഗെത്താനോ, മരിയ ബെര്ണാദ ബ്യൂട്ട്ലര്, നാര്സിസ മാര്ത്തിലോ മോറാന് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്.
പളളിമണികള്ക്കു ശേഷം ഇവരുടെ ജീവചരിത്രം വായിക്കും. തുടര്ന്ന് ഓരോര്ത്തര്ക്കും വേണ്ടി പ്രത്യേക പ്രാര്ത്ഥനാലാപനം. റോമന് സമയം പത്തുമണിയോടെ ബനഡിക്ട് പതിനാറാമന് മാര്പ്പാപ്പ എത്തിച്ചേരും. തുടര്ന്നാണ് ഔദ്യോഗിക ചടങ്ങുകള് ആരംഭിക്കുന്നത്.
പ്രാരംഭ പ്രാര്ത്ഥനയ്ക്കു ശേഷം കര്ദിനാള് ആഞ്ജലോ അമാത്തോ, പാല രൂപത അധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട്, കര്ദ്ദിനാള് ജൊവാന്നി ജുസേപ്പെ കാലിഫാനോ എന്നിവര് ചേര്ന്ന് സിസ്റ്റര് അല്ഫോണ്സയെ വിശുദ്ധപദവിയുടെ ഔന്നിത്യത്തിലേയ്ക്ക് ഉയര്ത്തണമെന്ന് മാര്പ്പാപ്പയോട് അപേക്ഷിക്കും. വത്തിക്കാനിലെ വിശുദ്ധര്ക്കായുളള കാര്യാലയത്തിന്റെ തലവനാണ് കര്ദിനാള് ആഞ്ജലോ അമാത്തോ. കര്ദിനാള് ജൊവേന്നി ജുസേപ്പെയാണ് സിസ്റ്റര് അല്ഫോണ്സയുടെ നാമകരണ നടപടിക്രമങ്ങളുടെ ചുമതല വഹിക്കുന്നത്.
ഇവരുടെ അഭ്യര്ത്ഥന പ്രകാരം സിസ്റ്റര് അല്ഫോണ്സയെ മാര്പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. ഇതോടെ സെന്റ് പീറ്റേഴ്സ് ബസലിക്കയ്ക്കൊപ്പം ഇന്ത്യയിലെ കത്തോലിക്ക സഭകളിലും ചടങ്ങിന്റെ പൂര്ത്തികരണം മണികള് മുഴക്കി പ്രഘോഷിക്കും.
ചടങ്ങിന് സാക്ഷ്യം വഹിക്കാന് കേന്ദ്രസര്ക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഓസ്കാര് ഫെര്ണാണ്ടസാണ് സംഘത്തലവന്. മുന് ഗവര്ണര് എം എം ജേക്കബ്, പൊതുമരാമത്ത് മന്ത്രി മോന്സ് ജോസഫ്, പി സി തോമസ് എംപി, കെ എം മാണി, പി സി ജോര്ജ്, കെ വി തോമസ് എന്നിവര് സംഘത്തിലുണ്ട്.












Click it and Unblock the Notifications