ആഗോള വിപണിയില്‍ ഉണര്‍വ്‌
ന്യൂയോര്ക്ക്: പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ കരകയറ്റാന് ആഗോളതലത്തില് കൈക്കൊണ്ട നടപടികള് ഫലം കണ്ട് തുടങ്ങി. ഒരാഴ്ച നീണ്ട കനത്ത തിരിച്ചടികള്ക്കുശേഷം ലോക ഓഹരിവിപണി തിങ്കളാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി.
അമേരിക്കന് ഓഹരി വിപണിയില് 11ശതമാനത്തിന്റെ വര്ധനയാണ് തിങ്കളാഴ്ചയുണ്ടായത്. സാമ്പത്തിക മേഖലയെ രക്ഷിക്കാന് വിവിധ സര്ക്കാറുകള് പ്രഖ്യാപിച്ച പദ്ധതികളാണ് വിപണിയുടെ തിരിച്ചുവരവിനിടയാക്കിയതെന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്.
അമേരിക്കന് ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് തിങ്കളാഴ്ചയുണ്ടായത്. ന്യൂയോര്ക്കിലെ ഡൗജോണ്സ് സൂചിക 11.8 ശതമാനം(936.42 പോയിന്റ്) നേട്ടത്തില് 9387.61ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റാന്ഡേര്ഡ് ആന്റ് പുവര് സൂചിക 11.57 ശതമാനം നേട്ടമുണ്ടാക്കി. 104.06പോയിന്റിന്റെ വര്ധനയില് 1003.31ലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്.
നാസ്ദാക് കോംപോസിറ്റ് സൂചിക 11.81ശതമാനം(194.74 പോയിന്റ്) നേട്ടത്തില് 1844.25ലാണ് ക്ലോസ് ചെയ്തത്. യൂറോപ്പിലും ഏഷ്യയിലും തിങ്കളാഴ്ച വിപണികള് നേട്ടമുണ്ടാക്കി. ജര്മ്മനിയിലെ ഫ്രാങ്ക്ഫര്ട് വിപണിയില് ആറ് ശതമാനത്തിന്റെ നേട്ടമുണ്ടായി. ഹോങ്കോങ് സൂചിക പത്ത് ശതമാനത്തിന്റെ നേട്ടമുണ്ടാക്കി.
ഇന്ത്യയിലും തിങ്കളാഴ്ച വിപണികള് നേട്ടമുണ്ടാക്കി. സെന്സെക്സ് 781.24 പോയിന്റിന്റെ നേട്ടത്തില് 11309.09ലും ദേശീയ സൂചികയായ നിഫ്റ്റി 210.75 പോയിന്റിന്റെ നേട്ടത്തില് 3490.70 ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കുകളെ തകര്ച്ചയില് നിന്നും രക്ഷിക്കാന് ദശലക്ഷക്കണക്കിന് ഡോളറാണ് രാജ്യങ്ങള് വിപണിയിലേയ്ക്ക് തള്ളിവിട്ടത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന് യോജിച്ച് പ്രവര്ത്തിക്കാന് ജി 7 രാജ്യങ്ങളും യൂറോപ്യന് യൂണിയന് രാജ്യങ്ങളും തീരുമാനമെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications