സ്‌മാര്‍ട്ട് സിറ്റി നിര്‍മാണം അനിശ്ചിതത്വത്തില്‍
കൊച്ചി: സ്‌മാര്‍ട്ട് സിറ്റി നിര്‍മാണം സംബന്ധിച്ച നടപടികള്‍ അനിശ്ചിതത്വത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സെസ് നയത്തിലെ അവ്യക്തതയും സര്‍ക്കാര്‍ കൈമാറിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് നല്‌കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളും പരിഹരിച്ച ശേഷം നിര്‍മാണം ആരംഭിച്ചാല്‍ മതിയെന്ന് തിങ്കളാഴ്‌ച കൊച്ചിയില്‍ ചേര്‍ന്ന സ്‌മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
നേരത്തെ ഒക്ടോബര്‍ രണ്ടിന് നിര്‍മാണം ആരംഭിയ്‌ക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വൈദ്യുതി ബോര്‍ഡിന്റെ നൂറേക്കര്‍ ഭൂമിയ്‌ക്ക് സെസ് പദവി ലഭിയ്‌ക്കുന്നതിലെ അനിശ്ചിതത്വമാണ് പ്രധാന തടസ്സം.
പദ്ധതിയ്‌ക്ക് അനുവദിച്ച 236 ഏക്കറില്‍ 136 ഏക്കറിന് മാത്രമേ ഇത് വരെ സെസ് പദവി ലഭിച്ചിട്ടുള്ളൂ. വ്യവസായ ഐടി വകുപ്പുകള്‍ തമ്മില്‍ തുടരുന്ന ഭിന്നതയും പദ്ധതിയ്‌ക്ക് തടസ്സമായിട്ടുണ്ട്.
സ്‌മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്ക് നല്‌കുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഇളവ് ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ഫീസിനത്തില്‍ അഞ്ച് കോടി ഈടാക്കിയാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ മന്ത്രി ശര്‍മ ഇത് സംബന്ധിച്ച് ടീകോം അധികൃതര്‍ക്ക് വ്യക്തമായ ഉറപ്പ് നല്‌കിയിട്ടില്ല.
ഇത് കൂടാതെ വൈദ്യുതി വകുപ്പിന്റെ നൂറേക്കറിലെ വസ്‌തുവകകള്‍ നീക്കുന്നത് സംബന്ധിച്ചും തിങ്കളാഴ്‌ച നടന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമൊന്നുമുണ്ടായില്ല.
ഇവ ടീകോം മാറ്റണമെന്നാണ് കെഎസ്‌ഇബിയുടെ ആവശ്യം. ഇതിനായി 1.50 കോടി വരുമെന്നതിനാല്‍ പകുതി ചെലവ് വഹിയ്‌ക്കാമെന്ന നിലപാടില്‍ ടീകോം ഉറച്ചു നിന്നതും തീരുമാനം വൈകുന്നതിനിടയാക്കിയിരിക്കുകയാണ്.
പദ്ധതിയുടെ നിര്‍മാണം എന്ന് മുതല്‍ ആരംഭിയ്‌ക്കുമെന്ന കാര്യം പോലും പറയാന്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ രജിസ്‌ട്രേഷന്‍ മന്ത്രി എസ് ശര്‍മ്മയ്‌ക്ക് കഴിഞ്ഞില്ല.
വാഴക്കാലയില്‍ സ്‌മാര്‍ട്ട് സിറ്റി കമ്പനി പുതിയ ഓഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിയ്‌ക്കുന്നതോടെ എല്ലാ അനിശ്ചിതത്വവും പരിഹരിയ്‌ക്കപ്പെടുമെന്ന് മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications