ജെറ്റ്‌ എയര്‍വെയ്‌സിന്‌ ചെയ്‌തത്‌ ന്യായമോ?
ബാംഗ്ലൂര്: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലം എല്ലാ വ്യാവസായികമേഖലകളെയും സംബന്ധിച്ച് കാഠിന്യമേറിയതാണ്. ഏത് രംഗത്തുള്ളതായാലും ഓരോ സംരംഭങ്ങളെയും നഷ്ടങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന് ഏറ്റവും നല്ല ആശയങ്ങളും പ്രവര്ത്തനങ്ങളുമാണ് ആവശ്യം.
മറ്റു മേഖലകള്പോലെതന്നെ ഇന്ത്യയിലെ എയര്ലൈന് മേഖലയും അനുദിനം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഒക്ടോബര് 15ാം തീയതി സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്ന് ജെറ്റ് എയര്വെയ്സ് 1900 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
മറ്റൊരു പ്രമുഖ എയര്ലൈന് കമ്പനിയായ കിങ്ഫിഷന് എയര്ലൈന്സും ഇതേ പാത പിന്തുടരാന് പോവുകയാണെന്നാണ് കേള്ക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില് സ്ഥാപനത്തിന്റെ സുഗമമായ പ്രവര്ത്തനത്തിന് ഇത്തരം നടപടികള് ആവശ്യമാണെന്നും കമ്പനി നല്ലനിലയാകുമ്പോള് ഈ പിരിച്ചുവിട്ടവരെയൊക്കെ തിരിച്ചെടുക്കാനാവുമെന്നാണ് കിങ്ഫിഷറിന്റെ ഉടമസ്ഥന് വിജയ് മല്യ പറയുന്നത്.
തന്റെ കമ്പനിയിലുള്ള ജീവനക്കാരെല്ലാം തനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണെന്നും എന്നാല് ഇപ്പോഴത്തെ അവസ്ഥയില് ഇത്തരമൊരു നടപടിയെടുക്കാതെ മുന്നോട്ടുപോകാന് കഴിയില്ലെന്നുമാണ് ജെറ്റ് എയര്വെയ്സ് ഉടമസ്ഥന് നരേഷ് ഗോയലിന്റെ പക്ഷം.
പടിഞ്ഞാറന് രാജ്യങ്ങളില് സാധാരമായ ലേഓഫ്സ്( പിരിച്ചുവിടല്) എന്ന പ്രക്രിയ ഇന്ത്യക്കാരായ നമ്മള്ക്ക് ഏറെ പരിചയമില്ലാത്തതായിരുന്നു. എന്നാല് ഇപ്പോള് ഇന്ത്യയിലെ വിവിധ രംഗങ്ങളിലുള്ള പ്രമുഖ സ്ഥാപനങ്ങള്ക്കുപോലും ഈ വഴി സ്വീകരിക്കേണ്ടിവരുന്നു. ചുരുക്കിപ്പറഞ്ഞാല് പടിഞ്ഞാറന് സംസ്കാരത്തിന് പിന്നാലെ പോകുന്ന നാം അവരുടെ ലേഓഫ്സ് എന്ന രീതിയും സ്വീകരിക്കേണ്ടിവന്നിരിക്കുന്നു.
സത്യം പറഞ്ഞാല് നമ്മള് യാഥാര്ത്ഥ്യത്തെ തിരിച്ചറിയുന്നില്ലെന്ന മറ്റൊരു വശവും ഇതിനുണ്ട്. മുന്കാലങ്ങളില് സ്വീകരിച്ച് വന്നിരുന്ന നിയമനരീതികളല്ല നവസാമ്പത്തിക വ്യവസ്ഥയില് സ്ഥാപനങ്ങള് സ്വീകരിച്ചുവരുന്നത്. ജോലി ലഭിക്കുകയെന്ന നേട്ടത്തിനൊപ്പംതന്നെ ഡമോക്ലിസിന്റെ വാള്പോലെ നമ്മുടെ തലയ്ക്കുമുകളില് തൂങ്ങിക്കടക്കുന്ന പിരിച്ചുവിടല് എന്ന ഭീഷണിയെക്കുറിച്ച് നമ്മള് ബോധവന്മാരാകുന്നില്ല. അല്ലെങ്കില് ആ കാര്യം അംഗീകരിക്കാന് നമ്മള് തയ്യാറാകുന്നില്ല.
അവസാന നിമിഷം ഇത്തരത്തിലൊരു തീരുമാനമെടുത്ത് 1900 ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ജെറ്റ് എയര്വെയ്സിന് ഇതിലും നല്ലരീതിയില് ഈ പ്രശ്നം കൈകാര്യം ചെയ്യാന് കഴിയുമായിരുന്നില്ലേ? ജെറ്റ് എയര്വെയ്സ് പിരിച്ചുവിട്ട ജീവനക്കാരെയെല്ലാം തിരിച്ചെടുക്കണമെന്നാണ് മഹാരാഷ്ട്ര നവ നിര്മ്മാണ് സേനയുടെ തലവന് രാജ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത് ഇത് നടക്കാന് പോകുന്ന കാര്യമാണോ? രാജ് താക്കറേയ്ക്ക് തങ്ങളെ രക്ഷിക്കാന് കഴിയുമെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാര് വിശ്വസിക്കുന്നുണ്ടാകുമോ?
ജെറ്റ് എയര്വേസിന്റെ ഉടമസ്ഥന് അല്ലെങ്കില് ഉടമസ്ഥ നിങ്ങളായിരുന്നുവെങ്കില് ഈ സാഹചര്യം നിങ്ങള് എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? ഇക്കാര്യത്തില് നിങ്ങളുടെ അഭിപ്രായം അറിയാന് ഞങ്ങള്ക്ക് താല്പര്യമുണ്ട്. നിങ്ങളുടെ അഭിപ്രായം താഴെയുള്ള കമന്റ് കോളത്തില് രേഖപ്പെടുത്തൂ..
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications