സിപിഎം വലിച്ച പാലം സിപിഐ പുനസ്ഥാപിച്ചു
കോട്ടയം: കുമരകത്തെ തിരുവാര്‍പ്പിലെ പാലം വിവാദം വീണ്ടും പുകയുന്നു. ഏതാനും നാള്‍ മുമ്പ് സിപിഎമ്മുകാര്‍ വലിച്ച പാലം ബുധനാഴ്‌ച പുലര്‍ച്ചെ സിപിഐക്കാര്‍ തിരിച്ചിട്ടതോടെയാണ് സംഭവം വീണ്ടും പ്രശ്നമായിരിക്കുന്നത്.
പാലം പുനസ്ഥാപിച്ചതിനെതിരെ സിപിഎമ്മുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സിപിഐക്കാര്‍ പാലത്തിന് കാവല്‍ നില്‍ക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
തിരുവാര്‍പ്പ് പുതിയകത്ത് മാത്യുവിന്റെ വീട്ടിലേയ്‌ക്കുള്ള പാലമാണ് വിവാദവിഷയമായത്. സിപിഎമ്മുകാരനായിരുന്ന മാത്യുവും കുടുംബവും സിപിഐയിലേയ്‌ക്ക് മാറിയപ്പോഴാണ് പാലം വലി പ്രശ്‌നമുണ്ടായത്.
മാത്യുവിന്റെ പാര്‍ട്ടി മാറിയതിന് പിന്നാലെ വീടിന് മുന്നിലുള്ള തോടിന് കുറുകെ വീട്ടിലേയ്‌ക്ക് ഇട്ടിരുന്ന പാലം സിപിഎമ്മുകാര്‍ സെപ്‌റ്റംബര്‍ 20ന് രാത്രിയില്‍ വലിക്കുകയായിരുന്നു. തോട്ടിലെ കുളിക്കടവിന് പാലം ശല്യമാകുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിപിഎം പാലം വലിച്ചത്.
പിന്നീട് ഇരുപാര്‍ട്ടികളും ഏറ്റെടുത്തതോടെ പ്രശ്‌നം വിവാദമായി മാറി. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പലവട്ടം ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയും പാലം തിരിച്ചിടണമെന്ന് നിര്‍ദ്ദേശമുണ്ടാവുകയും ചെയ്‌തെങ്കിലും ഒരു കാരണവശാലും പാലം പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. ബുധനാഴ്‌ചരാത്രിയോടെ സിപിഐക്കാര്‍ സംഘം ചേര്‍ന്ന് പാലം നിര്‍മ്മിക്കാനെത്തുകയായിരുന്നു. രാവിലെയോടെ അവര്‍ ജോലികള്‍ തീര്‍ക്കുകയും ചെയ്തു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications