ബിഷപ്പിന്റെ ദത്തെടുക്കലിന്‌ നിയമസാധുതയില്ല
കൊച്ചി: ബിഷപ്പ് ജോണ് തോട്ടുങ്കല് യുവതിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്ന് വ്യക്തമായി. രാജ്യത്തെ സിവില് നിയമപ്രകാരവും കാനോന് നിയമപ്രകാരവും ഇതിന് നിയമസാധുതയില്ലെന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബര് 15നാണ് മട്ടാഞ്ചേരി സബ് രജിസ്ട്രാര് ഓഫീസില് ദത്ത് രജിസ്റ്റര് ചെയ്തത്. ക്രിസ്ത്യന് ദത്തുനിയമപ്രകാരം ദത്തെടുക്കുകയാണെന്നാണ് രേഖയിലുള്ളത് എന്നാല് ഇത്തരം ഒരു നിയമം നിലവിലില്ല. മാത്രമല്ല പ്രായപൂര്ത്തിയായ സ്ത്രീയെ ദത്തെടുക്കുന്നത് ഇന്ത്യയില് അനുവദനീയമല്ല.
ഇന്ത്യയിലെ നിയമപ്രകാരം മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജുവനൈല് ജസ്റ്റിസ് കെയര് ആന്റ് പ്രൊട്ടക്ഷന് ഓഫ് ചില്ഡ്രന് ആക്ട് 2000 പ്രകാരം കോടതി മുഖേനയാണ് കുട്ടികളെ ദത്തെടുക്കേണ്ടത്. ക്രിസ്ത്യാനികള് ദത്തെടുക്കേണ്ടത് അതതുരാജ്യത്തെ സിവില് നിയമപ്രകാരമാണെന്ന് കാനോന് നിയമത്തില് പറയുന്നുണ്ട്.
മലങ്കര കത്തോലിക്കാ സഭയില് മാമോദീസ മുങ്ങിയ യുവതിയെ വളര്ത്തിയ വൈദികനും കുടുംബവും ഓര്ത്തഡോക്സ് വിഭാഗത്തില്പ്പെട്ടവരാണ്. ദത്തെടുക്കലിനുശേഷം യുവതി ബിഷപ്പിന്റെ സഭയായ ലത്തീന് കത്തോലിക്ക സഭയില് അംഗമായിരിക്കുമെന്നും രജിസ്റ്റര് ഉടമ്പടിയില് വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം രക്തത്തില്പിറന്ന മകള്ക്കുനല്കുന്ന അവകാശങ്ങളെല്ലാം നല്കിക്കൊണ്ടാണ് ദത്തെടുക്കല് നടത്തിയിരിക്കുന്നത്. ഇതുപ്രകാരം ബിഷപ്പിന്റെ വ്യക്തിപരമായ നേട്ടങ്ങള്ക്കും സമ്പത്തിനും മകളെന്ന നിലയല് യുവതി അവകാശിയായിരിക്കുമെന്നും ദത്തുരേഖയിലുണ്ട്.
കടുത്തനടപടിയുണ്ടാകില്ലെന്ന് സൂചന
ഇതേസമയം ബിഷപ്പിനെതിരെ വത്തിക്കാന് കടുത്ത നടപടിയൊന്നും കൈക്കൊള്ളാനിടയില്ലെന്നും സൂചനയുണ്ട്. നടപടിയുണ്ടാകുമെങ്കിലും കുര്ബാന അര്പ്പിക്കുന്നതില് നിന്നും വിലക്കുന്നതുള്പ്പെടെയുള്ള കടുത്ത നടപടികള്ക്കൊരുങ്ങില്ലെന്നാണ് സഭാവൃത്തങ്ങള് നല്കുന്ന സൂചന.
വിദേശത്ത് സ്വവര്ഗരതിയുള്പ്പെടെയുള്ള ആരോപണങ്ങള് തെളിയിക്കപ്പെട്ടതിനെത്തുടര്ന്ന് ബിഷപ്പുമാരുടെ സഭാവസ്ത്രങ്ങള് തിരികെവാങ്ങിയതുള്പ്പെടെയുള്ള നടപടികളുണ്ടായിട്ടുണ്ട്. എന്നാല് ഇന്ത്യയില് ഇതേവരെ ബിഷപ്പുമാര്ക്കെതിരെ ഇത്തരം നടപടികള് ഉണ്ടായിട്ടില്ല.
ഇതിനിടെ ദത്തെടുക്കല് ആത്മീയപ്രവൃത്തിയാണെന്നും താന് തെറ്റുകാരനാണെന്നമുള്ള നിലപാടില് നിന്നും ബിഷപ്പ് പിന്നോക്കം പോയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം ജോണ് തോട്ടുങ്കല് ആര്ച്ച് ബിഷപ്പ് ഡാനിയേല് അച്ചാരുപറമ്പിലിനെ വിളിച്ച് രാജിസന്നദ്ധത അറിയിച്ചിരുന്നു.
എന്നാല് ഇത് നടപടികളില് നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് വൈദികരുടെ അഭിപ്രായം. പ്രശ്നം വിവാദമായതിനെത്തുടര്ന്ന് വിശദീകരണം നല്കാനായി വ്യാഴാഴ്ച ബിഷപ്പ് വിളിച്ചുചേര്ത്ത യോഗത്തില് വൈദികരാരും പങ്കെടുത്തിട്ടില്ല.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications