അല്‍പവസ്‌ത്രം ധരിച്ച ബാലികയെ ബന്ധു തീയിട്ടു
ജയ്പൂര്: അല്പവസ്ത്രം ധരിക്കുകയും ലിപ്സ്റ്റിക് ഇടുകയും ചെയ്ത ബാലികയെ ബന്ധു തീകൊളുത്തി. സംഭവത്തെത്തുടര്ന്ന് പതിനൊന്നുകാരിയായ നസ്മീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച ജയ്പൂരിലാണ് സംഭവം നടന്നത്. ബന്ധുവായ സലിം(55) പെണ്കുട്ടിയുടെ മേല് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടില് പലചരക്കു വ്യാപാരം നടത്തുന്ന സലിം പെണ്കുട്ടിയെ വിളിച്ച് മുറിയില് കയറ്റി വാതില് കുറ്റിയിട്ടശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രേ. വസ്ത്രത്തിന് തീപിടിച്ചപ്പോള് പെണ്കുട്ടി വാതില്തുറന്ന് നിലവിളിച്ചുകൊണ്ട് പുറത്തേയ്ക്ക് ഓടി.
തുടര്ന്ന് അയല്ക്കാരെത്തി തീയണച്ച് കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. സലിമിനെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെത്തുടര്ന്ന് കുപിതനായ സലിം കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് നസ്മീന്റെ പിതാവ് നല്കിയ പരാതിയില് ആരോപിക്കുന്നത്. എന്നാല് കുട്ടി ഇത്തരത്തില് മൊഴിയൊന്നും നല്കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications