വിവാഹമാര്‍ക്കറ്റില്‍ ഐടിക്കാര്‍ക്ക്‌ ഡിമാന്റ്‌ കുറയുന്നു
ബാംഗ്ലൂര്: വിവാഹമെന്ന് പറയുമ്പോള്ത്തന്നെ അടുത്തകാലം വരെ വരന് സോഫ്റ്റ്വേര് എന്ജിനീയറാണോ എന്ന ചോദ്യമായിരുന്നു ആദ്യം കേള്ക്കുക. എന്നാല് ഇപ്പോള് വരന് ഐടിക്കാരനല്ലല്ലോയെന്നാണ് പലരും വിവാഹം നിശ്ചയിച്ച യുവതികളുടെ മാതാപിതാക്കളോട് ചോദിക്കുന്നത്.
ആഗോളസാമ്പത്തിക മാന്ദ്യത്തെത്തുടര്ന്ന് പ്രമുഖ ഐടി കമ്പനികളില് നിന്നെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന പ്രവണത തുടങ്ങിയതോടെയാണ് വിവാഹമാര്ക്കറ്റില് സോഫ്റ്റ് വേര് പ്രൊഫഷണലുകള്ക്ക് വിലയിടിഞ്ഞത്.
ഏതാനും മാസങ്ങള്ക്കുമുമ്പുവരെ പെണ്കുട്ടികള്ക്ക് വിവാഹമാലോചിക്കുമ്പോള് മാതാപിതാക്കളുടെ ആദ്യ പരിഗണന സോഫ്റ്റ് വേര് എന്ജിനീയര്മാര്ക്കായിരുന്നു. കനമേറിയ ശംബളവും ഇതുമൂലമുണ്ടാകുന്ന ജീവിത സൗകര്യങ്ങളും നോട്ടമിട്ടുതന്നെയായിരുന്നു മിക്കമാതാപിതാക്കളും മകള്ക്ക് സോഫ്റ്റ് വേര് എന്ജീനീയര് മതിയെന്ന് തീരുമാനിച്ചത്.
എന്നാല് ഇപ്പോള് മക്കള്ക്ക് കല്യാണമാലോചിക്കുന്ന പലരും പറയുന്നത് ഐടിക്കാരെ പരിഗണിക്കുകയേ വേണ്ടെന്നാണ്. തങ്ങള്ക്കിങ്ങനെയൊരു കഷ്ടകാലം വരുമെന്ന് ഐടിക്കാരും ചിന്തിച്ചുകാണില്ല. തൊഴില് സുരക്ഷിതത്വമില്ലായ്മ തന്നെയാണ് ഇത്തരമൊരു മാറ്റത്തിന് ഇടയാക്കിയതെന്ന് പ്രത്യേകം പറയേണ്ടതില്ല.
സാമ്പത്തിക മാന്ദ്യം ഏറ്റവും ദോഷകരമായി ബാധിച്ച മേഖലകളില് ഒന്നാണ് ഐടിരംഗം. മാസങ്ങള്ക്ക് മുമ്പുവരെ തുടക്കക്കാര്ക്ക് ഇരുപതിനായിരം മുതല് മുപ്പതിനായിരം വരെ ശംബളം ലഭിച്ചിരുന്ന ഐടിമേഖലയില് ഇപ്പോള് പുതുതായി രംഗത്തെത്തിയവര് അവസരങ്ങള് ലഭിയ്ക്കാതെ നെട്ടോട്ടമോടുകയാണ്.
സര്ക്കാര് ജോലിക്കാര് ഒരു വര്ഷം കൊണ്ടുണ്ടാക്കുന്നത് ഐടിക്കാര്ക്ക് ഒരു മാസം കൊണ്ടുണ്ടാക്കാന് കഴിയുമെന്നതായിരുന്നു വിവാഹമാര്ക്കറ്റില് ഇവരുടെ ഡിമാന്റ് കൂട്ടിയ പ്രധാന ഘടകം. എന്നാല് ഇപ്പോള് മിക്ക സ്ഥാപനങ്ങളും ജോലിക്കാരെ പിരിച്ചുവിടുകയോ അല്ലെങ്കില് ശംബളം വെട്ടിക്കുറയ്ക്കുകയോ ചെയ്താണ് സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നത്.
അതുകൊണ്ടുതന്നെ സര്ക്കാര് ജോലിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് തന്നെ വീണ്ടും ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ് വിവാഹപ്രായമെത്തിയ യുവതികളും അവരുടെ മാതാപിതാക്കളും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications