മാനഭംഗശ്രമം തടഞ്ഞതിന്‌ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടു
ലഖ്നൊ: മാനഭംഗശ്രമം തടഞ്ഞ നവദമ്പതികളെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില് നിന്നും തള്ളിയിട്ടു. ബീഹാര് സ്വദേശികളായ പപ്പു ശര്മ, അഭിലാഷ എന്നിവരെയാണ് അക്രമികള് തീവണ്ടിയില് നിന്നും തള്ളിയിട്ടത്. പപ്പു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അഭിലാഷയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിലാഷയെ മാനഭംഗപ്പെടുത്താനുള്ള ശ്രമം തടഞ്ഞതിനാണ് അക്രമികള് ദമ്പതികളോട് ക്രൂരത കാണിച്ചത്. ലഖ്നൊവിലെ മലഹാവൂ റയില്വേ സ്റ്റേഷനില് വച്ചാണ് സംഭവം നടന്നത്.
ദമ്പതികള് ഹരിയാനയിലെ അംബാലയിലേയ്ക്ക് പോവുകയായിരുന്നു. ബീഹാറിലെ പൂര്ണി റെയില്വേ സ്റ്റേഷനില് നിന്നാണ് ഇവര് അമ്രപാലി തീവണ്ടിയില് കയറിയത്. പൂര്ണിയില് നിന്നും ഇവര്ക്കൊപ്പംതന്നെ തീവണ്ടിയില് കയറിയ നാല് യുവാക്കള് ഇവരെ ശല്യപ്പെടുത്തുകയായിരുന്നു.
അഭിലാഷയെ മാനഭംഗപ്പെടുത്താന് ഇവര് ശ്രമിച്ചപ്പോള് പപ്പു അത് തടഞ്ഞു. തുടര്ന്ന് ഇവര് രണ്ടുപേരെയും തീവണ്ടിയില് നിന്നും ബലമായി പുറത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. ആശുപത്രിയില് കഴിയുന്ന അഭിലാഷയുടെ മൊഴിയില് നിന്നാണ് ഇത്രയും കാര്യങ്ങള് വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്ക്കായുള്ള തിരച്ചില് നടക്കുകയാണ്.












Click it and Unblock the Notifications