മണിക്കൂറില്‍ 1610 കിലോമീറ്റര്‍ വേഗതയിലുള്ള കാര്‍ വരുന്നു
ലണ്ടന്: മണിക്കൂറില് 1000 മൈല് (1610 കിലോമീറ്റര്)വേഗതയില് കുതിയ്ക്കുന്ന കാര് യാഥാര്ഥ്യമാക്കാന് ഒരു ബ്രീട്ടിഷ് സംഘം ഒരുങ്ങുന്നു. 1997ല് ശബ്ദാതിവേഗത്തില് സഞ്ചരിയ്ക്കുന്ന കാര് വിജയകരമായി പരീക്ഷിച്ച സംഘം തന്നെയാണ് പുതിയ കാര് യാഥാര്ഥ്യമാക്കാനും ഒരുങ്ങുന്നത്.
റോക്കറ്റ് ഘടിപ്പിച്ച ടൈഫൂണ് യൂറോഫൈറ്റര് ജെറ്റ് എഞ്ചിന് ഘടിപ്പിച്ച ബ്ലഡ്ഹൗണ്ട് എന്ന കാറിന്റെ സഹായത്തോടെയാണ് പുതിയ സാഹസത്തിന് ഇവര് തയ്യാറെടുക്കുന്നത്. 2011ല് വേഗതയുടെ കാര്യത്തില് പുതിയ ചരിത്രം കുറിയ്ക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.
1997ല് ബ്രിട്ടീഷ് വ്യോമസേനയിലെ പൈലറ്റായിരുന്ന ആന്ഡി ഗ്രീന് മണിക്കൂറില് 763 മൈല് (1228 കിലോമീറ്റര്) വേഗതയില് കാര് ഓടിച്ചതാണ് ഇപ്പോഴുള്ള റെക്കോര്ഡ്. ആന്ഡി തന്നെയാണ് ബ്ലഡ് ഹൗണ്ടിലൂടെ തന്റെ തന്നെ റെക്കോര്ഡ് തിരുത്തിക്കുറിയ്ക്കാനൊരുങ്ങുന്നത്.
12.8 മീറ്റര് നീളവും 6.4 ടണ് ഭാരവുമുള്ള ബ്ലഡ്ഹൗണ്ട് സൂപ്പര് സോണിക്ക് കാറിന് ഒരു കൈത്തോക്കില് നിന്നും പായുന്ന വെടിയുണ്ടയെക്കാള് വേഗതയുണ്ടാകുമെന്ന് പദ്ധതിയുടെ മേധാവി റിച്ചാര്ഡ് നോബിള് പറയുന്നു.
900 മില്ലിമീറ്റര് വ്യാസമുള്ള ചക്രങ്ങളുടെ നിര്മ്മിതിയ്ക്ക് ഉയര്ന്ന നിലവാരത്തിലുള്ള ടൈറ്റാനിയമാണ് ഉപയോഗിക്കുക. പൂജ്യത്തില് നിന്നും 1690 കിലോമീറ്റര് വേഗതയിലെത്താന് കാറിന് വെറും 40 സെക്കന്ഡ് മാത്രം മതിയാകും.
കാര് കുതിച്ചു പായുമ്പോഴുണ്ടാകുന്ന അതികഠിനമായ വായു മര്ദ്ദം അതിജീവിയ്ക്കാനായി കാറിന്റെ ബോഡി ടൈറ്റാനിയം ലോഹത്തില് നിര്മ്മിയ്ക്കാനാണ് ഇവരുടെ പദ്ധതി.












Click it and Unblock the Notifications