മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം തടയാന്‍ ശുപാര്‍ശ
കൊച്ചി: മുസ്ലിങ്ങള്ക്കിടയിലെ ബഹുഭാര്യാത്വം തടയുന്നതിന് സര്ക്കാര് നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന് ശുപാര്ശ നല്കി.
ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമത്തിന്റെ കരട് ബില് കമ്മീഷന് സര്ക്കാറിന് കൈമാറി. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരാണ് കമ്മീഷന്റെ അധ്യക്ഷന്.
കരട് നിയമപ്രകാരം മുസ്ലിം സ്ത്രീയോ പുരുഷനോ ആദ്യ വിവാഹം നിലനില്ക്കുമ്പോള് വീണ്ടും വിവാഹം കഴിയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. ഒരു മുസല്മാന് ഒന്നില്കൂടുതല് ഭാര്യമാര് പാടില്ല. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്മാത്രമേ രണ്ടാമതൊരു വിവാഹ ബന്ധം അനുവദിക്കാവൂ എന്നിങ്ങനെയുള്ള വ്യവസ്ഥയുള്പ്പെടുന്നതാണ് നിയമം.
വിവാഹിതനായ പുരുഷന് രണ്ടാമത് വിവാഹം ചെയ്യണമെങ്കില് ആദ്യഭാര്യ നല്കുന്ന സമ്മതപത്രം ആവശ്യമാണ്. ഒരു ന്യായാധിപന്റെയോ നോട്ടറിയുടെയോ മുന്നില് അവര് ഹാജരായി സമ്മതം രേഖാമൂലം നല്കിയിരിക്കണം.
രണ്ടാം വിവാഹം കഴിയ്ക്കുമ്പോള് ആദ്യഭാര്യയ്ക്ക് ഭര്ത്താവ് ന്യായമായ തുക ചെലവിന് നല്കണം. അവരുടെ താമസസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ഇക്കാര്യങ്ങളില് വീഴ്ചവരുത്തിയാല് ആദ്യഭാര്യയ്ക്ക് ഭര്ത്താവിനെതിരെ കേസ് നല്കാം.
തകരാറിലാവുന്ന ദാമ്പത്യ ബന്ധങ്ങളില് അനുരഞ്ജനമുണ്ടാക്കാന് കൗണ്സില് രൂപീകരിക്കാനും ബില്ലില് വ്യവസ്ഥയുണ്ട്. എല്ലാ ജില്ലകളിലും കൗണ്സില് പ്രവര്ത്തിക്കും. സിവില് നിയമം അനുസരിച്ച് പ്രവര്ത്തിക്കുന്ന സിവില് കോടതികള് പോലെ കൗണ്സിലിന് പ്രവര്ത്തിക്കാം.
മുസ്ലിം സ്ത്രീയ്ക്ക് വിവാഹ മോചനം ആവശ്യമാണെങ്കില് ഈ കൗണ്സിലിനെ സമീപിക്കാം. രേഖാമൂലമുള്ള സമ്മതപ്രകാരം ഭാര്യയ്ക്കും ഭര്ത്താവിനും വിവാഹമോചനം നേടാവുന്നതാണ്.എന്നാല് സിവില്-ക്രിമിനല് കോടതി ന്യായാധിപന് അത് സാക്ഷ്യപ്പെടുത്തണം.
ഈ നിയമം വന്നതിന് ശേഷമുള്ള മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര് ചെയ്തിരിക്കണമെന്നും കരട് ബില്ലില് നിര്ദ്ദേശമുണ്ട്.












Click it and Unblock the Notifications