ഒബാമയോ മക്കെയ്നോ? വിധിയെഴുത്ത് ചൊവ്വാഴ്ച
വാഷിങ്‌ടണ്‍: അമേരിക്കയുടെ ഭാവി ആരുടെ കരങ്ങളിലെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പില്‍ എട്ടു വര്‍ഷത്തെ റിപ്പബ്‌ളിക്കന്‍ ഭരണം തുടരുമോ അതോ ആദ്യമായി ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അവരോധിതനാകുമോയെന്ന എന്ന കാര്യം ചൊവ്വാഴ്‌ച തീരുമാനിയ്‌ക്കപ്പെടും.
റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോണ്‍ മക്കെയ്‌നും ഡമോക്രാറ്റ് പാര്‍ട്ടിയുടെ ബറാക് ഒബാമയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ കണക്കുകളും പ്രവചനങ്ങളുമെല്ലാം ഒബാമയ്‌ക്കനുകൂലമാണ്.
ചൊവ്വാഴ്‌ച നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യ ഫല സൂചനകള്‍ ബുധനാഴ്‌ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയോടെ പുറത്തു വന്ന് തുടങ്ങും.
എന്നാല്‍ നിലവില്‍ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇവിടം കൊണ്ട് അവസാനിയ്‌ക്കുകയില്ല.
യഥാര്‍ഥ സ്ഥാനാര്‍ഥികളെ പ്രതിനിധാനം ചെയ്യുന്ന 538 ഇലക്ടറല്‍ കോളെജ് അംഗങ്ങളെയാണ് ചൊവ്വാഴ്‌ച അമേരിക്കന്‍ ജനത തിരഞ്ഞെടുക്കുക. ഇതില്‍ 270 അംഗങ്ങളെ വിജയിപ്പിച്ചെടുക്കുന്ന സ്ഥാനാര്‍ഥിയ്‌ക്ക് വിജയം ഉറപ്പിയ്‌ക്കാം. ഇക്കാര്യം ബുധനാഴ്‌ച വ്യക്തമാകുമെങ്കിലും പ്രഖ്യാപനം പിന്നെയും നീളും.
ഡിസംബര്‍ 15ന് സംസ്ഥാനതലത്തില്‍ ഒത്തു ചേരുന്ന ഇലക്ടറല്‍ കോളെജ് അംഗങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യും.
ഈ വോട്ടുകള്‍ ജനുവരി എട്ടിന് യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ തിട്ടപ്പെടുത്തിയതിന് ശേഷമാണ് അന്തിമ ഫലപ്രഖ്യാപനം ഉണ്ടാകുക. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനമേല്‍ക്കുന്നതോടെ രണ്ട് വര്‍ഷത്തോളം നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് അന്ത്യമാകും.
പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയഅഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഒബാമയ്‌ക്ക് മക്കെയ്‌നെക്കാള്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കുപ്രസിദ്ധമായ ബ്രാഡ്‌ലി ഇഫക്ട് ഒബാമയെ ബാധിയ്‌ക്കുമോയെന്നും ഡമോക്രാറ്റ് ക്യാമ്പുകളില്‍ ആശങ്കയുണ്ട്.
1982ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ടോം ബ്രാഡ്‌ലി മത്സരിച്ചപ്പോള്‍ അഭിപ്രായ സര്‍വെകള്‍ അദ്ദേഹത്തിന് വിജയം സുനിശ്ചിതമാണെന്ന് ഉറപ്പിച്ചിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ വെള്ളക്കാരന്‍ തനിനിറം കാട്ടിയതോടെ ബ്രാഡ്‌ലി പരാജയപ്പെടുകയും വെള്ളക്കാരനായ എതിരാളി വിജയിക്കുകയും ചെയ്‌തു. ഇതാണ് പിന്നീട് ബ്രാഡ്‌ലി ഇഫക്ട് എന്ന പേരില്‍ പിന്നീട് കുപ്രശസ്‌തിയാര്‍ജ്ജിച്ചത്
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications