പാര്‍ട്ടി നേതാവിനെ ഉമ പരസ്യമായി മുഖത്തടിച്ചു
ലഖ്നൊ: ഭാരതീയ ജനശക്തി നേതാവ് ഉമാഭാരതി പാര്ട്ടി ജില്ലാ ജനറല് സെക്രട്ടറിയെ ആള്ക്കൂട്ടത്തിന് മുന്നിലിട്ട് മുഖത്തടിച്ചു. പാര്ട്ടിയുടെ ചിന്ദ് വാഡ ജില്ലാ ജനറല് സെക്രട്ടറി അനില് റായിയെയാണ് ഉമ പരസ്യമായി അടിച്ചത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. അനിലിനോട് ഉമ കാറില് നിന്നും ഇറങ്ങാന് ആവശ്യപ്പെടുകയും പുറത്തിറങ്ങിയ ഉടന് ആള്ക്കൂട്ടത്തിന് മുന്നില്വച്ച് മുഖത്ത് രണ്ടുതവണ അടിയ്ക്കുകയുമായിരുന്നു.
അനില് തനിക്ക് സഹോദരനെപ്പോലെയാണെന്നും അതിനാല് അടിയ്ക്കാന് അവകാശമുണ്ടെന്നുമാണ് സംഭവത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഉമ പറഞ്ഞത്. അനില് അച്ചടക്കം ലംഘനം നടത്തിതുകൊണ്ടാണ് അടിച്ചതെന്നും ഉമ വ്യക്തമാക്കി.
അടികഴിഞ്ഞ് ഇവര് അനിലിന്റെ വീട്ടില് സന്ദര്ശനം നടത്തുകയും ചെയ്തിരുന്നു. പാര്ട്ടിയുടെ ഒരു യോഗത്തില് പങ്കെടുത്തിരുന്ന പ്രതിനിധികളെ അനില് തുടര്ച്ചയായി വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവത്രേ. ഇതാണ് ഉമയെ ചൊടിപ്പിച്ചതെന്നാണ് പാര്ട്ടി വൃത്തങ്ങള് പറയുന്നത്.
എന്നാല് അനിലിന് പാര്ട്ടിയിലെ വിമത വിഭാഗവുമായി ബന്ധമുണ്ടെന്നും അതിനാല് പാര്ട്ടി യോഗത്തില് പങ്കെടുത്ത ചിലരെ പുറത്തേയ്ക്ക് വിളിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. തന്റെ പ്രവൃത്തിയെ ഉമ ന്യായീകരിക്കുകയും അടികിട്ടയതില് പ്രശ്നമൊന്നുമില്ലെന്ന് അനില് വ്യക്തമാക്കുകയും ചെയ്തതുകൊണ്ട് കൂടുതല് പ്രശ്നങ്ങളുണ്ടായില്ല.












Click it and Unblock the Notifications