വല്ലാര്പ്പാടത്തിന് 381 കോടി
ദില്ലി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനോടനുബന്ധിച്ച് നിര്‍മ്മിയ്‌ക്കുന്ന കപ്പല്‍ച്ചാലിന്റെ ആഴവും വീതിയും കൂട്ടുന്നതിനായി 381.25 കോടി രൂപ അനുവദിയ്‌ക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
കൂറ്റന്‍ ചരക്കുകപ്പലുകള്‍ക്ക് അടുക്കാന്‍ പാകത്തില്‍ 17.5 മീറ്റര്‍ ആഴമാണ് ചാലിനുണ്ടാകുക. കാണ്ട്‌ലയിലെ 'ജോയ്‌സോഷോ' കമ്പനിയാണ് കപ്പല്‍ച്ചാല്‍ നിര്‍മാണത്തിനുള്ള കരാര്‍ ജോലികള്‍ ഏറ്റെടുക്കുക.
കേന്ദ്രത്തിന്റെ ഉത്തരവ് കിട്ടിക്കഴിഞ്ഞാല്‍ ജോലി ഉടന്‍ ആരംഭിയ്‌ക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ രാമചന്ദ്രന്‍ അറിയിച്ചു.
വല്ലാര്‍പ്പാടം പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് കൊച്ചിന്‍ തുറമുഖ ട്രസ്‌റ്റാണ്. 18 കിലോമീറ്റര്‍ ഹൈവേയ്‌ക്ക് 557 കോടിയും 8.5 കിലോമീറ്റര്‍ റെയില്‍പ്പാതയ്‌ക്ക് 245 കോടിയും കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു.
'ദുബായ് പോര്‍ട്ട് വേള്‍ഡാ'ണ് ടെര്‍മിനലിന്റെ നിര്‍മാണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. 2009 നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിയ്‌ക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ച കേന്ദ്ര പദ്ധതികളിലൊന്നാണ് വല്ലാര്‍പ്പാടം പദ്ധതി.
ഇപ്പോള്‍ കപ്പല്‍ച്ചാല്‍ പദ്ധതിയ്‌ക്ക് അനുവദിച്ചിരിയ്‌ക്കുന്ന തുകയില്‍ 297.42 കോടി ഗ്രാന്റും 83.83 കോടി രൂപ വായ്‌പയുമായിരിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications