കാലഹരണപ്പെട്ട പുണ്യവാളന്: പ്രതികരിക്കുന്നില്ലെന്ന് വിഎസ്
കോട്ടയം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യവാളനാണെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍. ഡിസി ബുക്‌സിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കുതിര മാസികയ്‌ക്ക് നല്‌കിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമര്‍ശം മുകുന്ദന്‍ നടത്തിയിരിക്കുന്നത്.
അഭിമുഖത്തില്‍ വിഎസിനെ രൂക്ഷമായി വിമര്‍ശിയ്‌ക്കുന്ന മുകുന്ദന്‍, പിണറായി വിജയന്‍ കാലഘട്ടം ആവശ്യപ്പെടുന്ന നേതാവാണെന്നും നിരീക്ഷിയ്‌ക്കുന്നു. വിഎസിനോട് തനിയ്‌ക്ക് ആദരവുണ്ട്. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ കാണാന്‍ ആഗ്രഹിയ്‌ക്കുന്ന ഗുണങ്ങളൊന്നും അച്യുതാനന്ദനില്ല.
കാലഹരണപ്പെട്ട ചിന്താധാരകളാണ് വിഎസ് പിന്തുടരുന്നത്. അന്ധതയും അതിവൈകാരികതയും ബാധിച്ച അനുയായികളില്‍ നിന്ന് വിഎസ് രക്ഷപ്പെടണമെന്നും മുകുന്ദന്‍ ഉപദേശം നല്‌കുന്നുണ്ട്. അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് വിഎസിനെ അവഹേളിയ്‌ക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുകുന്ദന്‍ പ്രതികരിച്ചിട്ടുണ്ട്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ മോശമായ ഭാഷയിലാണ് പച്ചക്കുതിര പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്. അതേ സമയം വിഎസിനോടുള്ള തന്റെ വിയോജിപ്പുകള്‍ മുമ്പും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലഹരണപ്പെട്ട പ്രത്യയശാസ്‌ത്രങ്ങളാണ് താന്‍ പിന്തുടരുന്നതെന്ന മുകുന്ദന്റെ അഭിപ്രായത്തോട് പ്രതികരിയ്‌ക്കുന്നില്ലെന്ന് വിഎസ് പറഞ്ഞു. ഒരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications