മഠത്തിനെതിരെ ആരോപണവുമായി കന്യാസ്‌ത്രീയുടെ ബന്ധു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കന്യാസ്ത്രീ മഠത്തില് വൃദ്ധയായ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നതായി പരാതി. മഠവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങള് പുറംലോകം അറിയാതിരിക്കുന്നതിനായി വൃദ്ധയായ കന്യാസ്ത്രീയെ ബലം പ്രയോഗിച്ച് മാനസികരോഗാശുപത്രിയില് പ്രവേശിപ്പിച്ചുവെന്നാണ് ആരോപണം.
കൊല്ലം ജില്ലയിലെ അഞ്ചലിലുള്ള ഡിവൈന് മേരി കോണ്വെന്റിനെതിരെയാണ് ആരോപണം ഉയര്ന്നിരിക്കുന്നത്. കോണ്വെന്റിലെ ട്രീസ തോമസ് എന്ന കന്യാസ്ത്രീയുടെ ബന്ധുക്കളാണ് കോണ്വെന്റ് അധികൃതര് ഒരു കാരണവുമില്ലാതെ മാനസികരോഗാശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചിരിക്കുന്നത്.
എന്നാല് ട്രീസയ്ക്ക് മനോരോഗമുള്ളതുകൊണ്ടാണ് അവരെ ആശുപത്രിയില് പ്രവേശിപ്പിച്ചതെന്നാണ് കോണ്വെന്റിലുള്ളവര് പറയുന്നത്. പള്ളിയുടെ നേതൃത്വത്തില് തൊടുപുഴയില് പ്രവര്ത്തിക്കുന്ന ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ട്രീസയുടെ ബന്ധുവായ ബെന്നി സംസ്ഥാന വനിതാ കമ്മീഷനില് പരാതി നല്കിയതോടെയാണ് പ്രശ്നം പുറത്തായത്. ഇവിടത്തെ പുരോഹിതരും കന്യാസ്ത്രീകളും തമ്മില് അവിഹിതബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തുവരാതിരിക്കാനാണ് ട്രീസയെ ഭ്രാന്തിയെന്ന് മുദ്രകുത്തി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുന്നതെന്നുമാണ് ബെന്നിയുടെ ആരോപണം.
പരാതിയെത്തുടര്ന്ന് കമ്മീഷന് അംഗം പി.കെ സൈനബ കന്യാസ്ത്രീയെ സന്ദര്ശിച്ച് മൊഴിയെടുത്തിട്ടുണ്ട്. അയര്ലെന്റില് ജോലിചെയ്യുന്ന ബെന്നി കുട്ടിയുടെ മാമ്മോദീസ ചടങ്ങ് നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയത്.












Click it and Unblock the Notifications