ഐടി രംഗത്തെ പ്രശ്‌നം പരിഹരിക്കാന്‍ സമിതി
തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി കേരളത്തിലെ ഐടി കമ്പനികളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഐടി കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഐടി രംഗത്തെ പ്രശ്‌നങ്ങള്‍ പഠിയ്‌ക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയോട് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐടി കമ്പനികളുടെ നിലനില്‍പ്പിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തുകൊടുക്കും. മിടുക്കനാണെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ജീവനക്കാരെ പോലും കാരണമില്ലാതെ പിരിച്ചുവിടുന്നത് ശരിയല്ല, ഇത് ദൗര്‍ഭാഗ്യകരമാണ്- മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക മാന്ദ്യം കേരളത്തെ രൂക്ഷമായി ബാധിയ്‌ക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ജീവനക്കാരുടെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications