മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ ഇറങ്ങി
ബാംഗ്ലൂര്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേഷണ ഉപഗ്രഹമായ ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന മൂണ്‍ ഇംപാക്ട് പ്രോബ്(എംഐപി) വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. വെള്ളിയാഴ്‌ച രാത്രി 8.31നാണ് ഇന്ത്യയുടെ പതാകയേന്തിയ മൂണ്‍ ഇംപാക്‌ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.
ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ട എംഐപി മിനിറ്റില്‍ 1.6 കിലോമീറ്റര്‍ വേഗതയിലാണ് ചന്ദ്രന്റെ ഉപരിതലത്തിലേയ്‌ക്ക് സഞ്ചരിച്ചത്. 25മിനിറ്റുകൊണ്ടാണ് എംഐപി ചന്ദ്രോപരിതലത്തില്‍ പതിച്ചത്. 8.34ന് ബാംഗ്ലൂരിനടുത്ത ബൈലാലുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍കിലേയ്‌ക്ക് എംഐപിയില്‍ നിന്നും ആദ്യ സിഗ്നല്‍ എത്തി.
29 കിലോഗ്രാം ഭാരവും സാധാരണ ടെവിഷന്‍ സെറ്റിന്റെ വലിപ്പവുമാണ് ഐഎംപിയ്‌ക്കുള്ളത്. നാലുവശത്തും ത്രിവര്‍ണ പതാക അടയാളപ്പെടുത്തിയ എംഐപിയില്‍ ഘടിപ്പിച്ച മൂന്ന് ഉപകരണങ്ങളും തൃപ്‌തികരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎംപിയില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ എടുക്കുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ശനിയാഴ്‌ച മുതല്‍ ലഭിച്ചുതുടങ്ങും.
മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ കഴിഞ്ഞത് ഐഎസ്‌ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറഞ്ഞു. മുന്‍ രാഷ്ട്രപതിയും ശാസ്‌ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിന്റെ ആശയമായിരുന്നു മൂണ്‍ ഇംപാക്ട് പ്രോബ്. ഭാവിയില്‍ ചന്ദ്രനില്‍ ഇന്ത്യക്കാരനെ എത്തിക്കാനുള്ള ഒരു റിഹേഴ്‌സല്‍ കൂടിയാണിത്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ രണ്ടുവര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ശാസ്‌ത്രജ്ഞര്‍ എംഐപി വികസിപ്പിച്ചെടുത്തത്. ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ സാന്നിധ്യം പതിപ്പിച്ചതോടെ ഐഎംപിയുടെ ദൗത്യം കഴിഞ്ഞു.
ചന്ദ്രയാനില്‍ ഇനി പത്ത് പരീക്ഷണോപകരണങ്ങളാണുള്ളത്. അവയില്‍ ടെറയിന്‍ മാപ്പിങ് കാമറയും റഡാര്‍ ഡോസ് മോണിറ്ററും നേരത്തേതന്നെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള എട്ടുപകരണങ്ങള്‍ ഒരാഴ്‌ചയ്‌ക്കകം പ്രവര്‍ത്തന സജ്ജമാകുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.
ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അകലത്തിലുള്ള അന്തിമ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 1 ഇപ്പോള്‍ വലം വയ്‌ക്കുന്നത്. അടുത്ത രണ്ടുവര്‍ഷവും ഈ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാന്‍ ചന്ദ്രനെ വലംവയ്‌ക്കുക.












Click it and Unblock the Notifications