ഏഷ്യാനെറ്റ് സ്‌റ്റാര്‍ ജൂപ്പിറ്ററിന്റെ കീഴില്‍
ദില്ലി: മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന്റെ ചാനലുകള്‍ ഇനി മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന് പങ്കാളിത്തമുള്ള കമ്പനിയ്‌ക്ക് കീഴില്‍. ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റര്‍ എന്റര്‍ടെയ്‌ന്‍മെന്റ് വെഞ്ചേഴ്‌സും സ്റ്റാര്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയതോടെയാണിത്.
സ്റ്റാര്‍ ജൂപ്പിറ്റര്‍ എന്റര്‍ടെയ്‌ന്‍മെന്റ് ടെലിവിഷന്‍ ലിമിറ്റഡ് (സ്റ്റാര്‍ ജൂപ്പിറ്റര്‍) എന്നാണ് പുതിയ കമ്പനിയുടെ പേര്. ധാരണയനുസരിച്ച് സ്റ്റാര്‍ ജൂപ്പിറ്ററിന് പ്രധാന മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, കന്നഡ ചാനല്‍ സുവര്‍ണ, തെലുങ്ക് ചാനല്‍ സിത്താര എന്നിവയില്‍ മേല്‍ക്കൈയും തമിഴ് ചാനലായ വിജയ്‌യില്‍ പൂര്‍ണ നിയന്ത്രണവും ഉണ്ടായിരിക്കും.
അടുത്ത് തന്നെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ചാനലുകള്‍ ആരംഭിയ്‌ക്കാന്‍ പുതിയ കമ്പനിയ്‌ക്ക് പദ്ധതിയുണ്ട്. പുതിയ കമ്പനി നിലവില്‍ വന്നെങ്കിലും വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി കെ. മാധവന്‍ തുടരുമെന്നും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അറിയിച്ചു.
പുതിയ സംരഭത്തിലൂടെ തന്ത്രപ്രധാനമായ ചുവട് വെയ്‌പാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സ്റ്റാര്‍ സിഇഒ പോള്‍ എയ്‌ലോ പറഞ്ഞു. ഹിന്ദിയ്‌ക്ക് പിന്നാലെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൂടി സ്ഥാനമുറപ്പിച്ചതോടെ സ്‌റ്റാര്‍ ഇന്ത്യയിലെ യഥാര്‍ഥ ദേശീയ ചാനലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാറുമായി സഹകരിയ്‌ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജൂപ്പിറ്റര്‍ എന്റര്‍ടെയ്‌ന്‍മെന്റ് മേധാവി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. രാജീവിന്റെ നേതൃത്വത്തിലുള്ള ജൂപ്പിറ്ററാണ് നേരത്തെ ഏഷ്യാനെറ്റ് വാങ്ങിയിരുന്നത്.
ഉപഗ്രഹ ചാനല്‍ പ്രക്ഷേപണരംഗത്തെ കൂട്ടായ്‌മയ്‌ക്ക് പുറമെ ഇന്ത്യന്‍ സിനിമാ വിപണിയിലെ സഹകരണത്തിനും സ്റ്റാര്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. സിനിമാ നിര്‍മാണത്തില്‍ സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള ഫോക്‌സ് സ്‌റ്റുഡിയോയും ജൂപ്പിറ്ററും തമ്മിലുള്ള സഹകരണത്തിനാണ് നീക്കം.












Click it and Unblock the Notifications