ജോലി പോയ ജീവനക്കാരന്‍ സിഇഒയെ വെടിവെച്ചു കൊന്നു
സിലിക്കണ്‍വാലി: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന്‍ ഇന്ത്യന്‍ വംശജനായ സിഇഒ ഉള്‍പ്പടെ മൂന്ന് പേരെ വെടിവെച്ചു കൊന്നു.
സെമി കണ്ടക്ടറുകള്‍ നിര്‍മ്മിയ്‌ക്കുന്ന സൈപോര്‍ട്ട് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സിദ് അഗര്‍വാളാണ് (56) മരിച്ച ഇന്ത്യക്കാരന്‍. വൈസ് പ്രസിഡന്റ് ബ്രയാന്‍ പഗ് (47), കമ്പനി ജീവനക്കാരിയായിരുന്ന മരിലിന്‍ ലൂയിസ് (67) എന്നിവരാണ് വെടിയേറ്റ് മരിച്ച മറ്റ് രണ്ടു പേര്‍.
സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ജിങ് ഹൂ വു (47)എന്നയാളെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്.
നാല് വര്‍ഷത്തോളമായി കമ്പനിയില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ജിങ്ങിന് അടുത്തിടെയാണ് ജോലി നഷ്ടപ്പെട്ടത്. ഇതിന്റെ വിരോധമാകാം കൊലയ്‌ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ് ജിന്‍ തന്റെ കൈത്തോക്കുപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു കൊന്നത്.
കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയ സിദ് ഇന്റല്‍, അഡോബ്, ബെല്‍ തുടങ്ങിയ കമ്പനികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ലേഓഫുകളുടെ പേരില്‍ സ്ഥാപനത്തിന്റെ സിഇഒയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ നടത്തിയ അക്രമത്തില്‍ ഇറ്റാലിയന്‍ വാഹന നിര്‍മ്മാണ കന്പനിയുടെ സിഇഒ കൊല്ലപ്പെട്ടത് വന്‍ വാര്‍ത്തയായി മാറിയിരുന്നു.












Click it and Unblock the Notifications