Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല്‌ സമോസയ്‌ക്ക്‌ 10000 രൂപ!

സനോപൂര്‍: ഒരു സമോസ കഴിയ്‌ക്കാന്‍ എത്ര രൂപ ചെലവാക്കേണ്ടിവരും? ഏറിയാല്‍ അമ്പത്‌ രൂപ. ഇന്ത്യയുടെ ഏത്‌ ഭാഗത്തും അമ്പത്‌ രൂപയ്‌ക്കുള്ളില്‍ സമോസ കഴിയ്‌ക്കാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.( നക്ഷത്രഹോട്ടലുകളില്‍ ഒഴികെ).

എന്നാല്‍ ബീഹാറിലെ സോനേപൂരിലെത്തിയ ഡച്ചുകാരായ ദമ്പതിമാര്‍ക്കുണ്ടായ അനുഭവം വിചിത്രമാണ്‌. നാല്‌ സമോസ കഴിച്ചുകഴിഞ്ഞപ്പോള്‍ അവരുടെ കീശ കാലിയായി. നാല്‌ സമോസയ്‌ക്ക്‌ കടക്കാരന്‍ അവരില്‍ നിന്നും ഈടാക്കിയത്‌ 10000 രൂപ!

ദമ്പതികള്‍ സ്വര്‍ണം നിറച്ച സമോസയാണോ കഴിച്ചതെന്ന്‌ തോന്നിയേയ്‌ക്കാമെങ്കിലും സംഗതി സത്യമാണ്‌. സമോസ കഴിച്ചുകഴിഞ്ഞപ്പോള്‍ സായിപ്പിന്റെ കീശ കാലി!.

ബീഹാറിലെ പ്രശസ്‌തമായ സോനേപൂര്‍ കന്നുകാലിമേളയ്‌ക്കിടെയാണ്‌ സായിപ്പിന്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമുണ്ടായത്‌. ഭൂട്ടാന്‍ സന്ദര്‍ശം കഴിഞ്ഞ്‌ ഇന്ത്യ സന്ദര്‍ശിയ്ക്കാനാണ് ഡച്ചുകാരായ ദമ്പതികള്‍ എത്തിയത്‌. കേട്ടറിഞ്ഞ്‌ ഇരുവരും സോനേപൂരിലെ കന്നുകാലിമേള കാണാനെത്തി.

ഇവിടത്തെ ഒരു ഭക്ഷണശാലയില്‍ കയറിയ ഇരുവരും സമോസ കണ്ട്‌ എന്തുസാധനമാണെന്ന്‌ ചോദിച്ചു. മുറി ഇംഗ്ലീഷില്‍ സമോസ അതിവിശിഷ്ടമായ ഒരു ഇന്ത്യന്‍ വിഭവമാണെന്നും അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ ചേരുവകൊണ്ടാണ്‌ ഇത്‌ പാകം ചെയ്യുന്നതെന്നും ആരോഗ്യത്തിന്‌ ഉത്തമമാണെന്നും കടക്കാരന്‍ പറഞ്ഞു.

കാര്യങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ സമോസ കഴിയ്‌ക്കാന്‍ തന്നെ ദമ്പതികള്‍ തീരുമാനിച്ചു. അങ്ങനെ നാല്‌ സമോസ നല്‍കാന്‍ കടക്കാരനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. സമോസ കഴിച്ചുകഴിഞ്ഞ്‌ കാശുകൊടുക്കാന്‍ തുടങ്ങിയപ്പോല്‍ സായിപ്പിന്റെ പേഴ്‌സിലെ ആയിരത്തിന്റെ നോട്ടുകള്‍ കണ്ട കടക്കാരന്‍ നാല്‌ സമോസയ്‌ക്ക്‌ പതിനായിരം രൂപ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു.

വില കൂടുതലാണെന്ന്‌ പറഞ്ഞ്‌ സായിപ്പ്‌ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പതിനായിരം രൂപ വേണമെന്ന്‌ കടക്കാരന്‍ നിര്‍ബ്ബന്ധം പിടിച്ചു. അവസാനം കയ്യിലുള്ളതെല്ലാം തട്ടിമുട്ടി പതിനായിരം രൂപ ഒപ്പിച്ച്‌ കടക്കാരന്‌ നല്‍കി സായിപ്പ്‌ പുറത്തിറങ്ങി.

കടയ്‌ക്കടുത്തുണ്ടായിരുന്ന ഒരു പൊലീസുകാരനോട്‌ അവര്‍ തങ്ങളുടെ സമോസാനുഭവം വിവരിച്ചു. തട്ടിപ്പ്‌ മനസ്സിലായ പൊലീസുകാരന്‍ സായിപ്പിനെയും ഭാര്യയെയും കൂട്ടി കടയിലെത്തി സമോസയുടെ യഥാര്‍ത്ഥ വില തിരക്കി, പത്തുരൂപ!.

പത്തുരൂപ കഴിച്ച്‌ ബാക്കി തുക കടക്കാരനില്‍ നിന്നും വാങ്ങി പൊലീസുകാരന്‍ സായിപ്പിന്‌ നല്‍കി. പിന്നീട്‌ വഞ്ചന നടത്തിയതിന്‌ കടക്കാരനെതിരെ പൊലീസുകാരന്‍ കേസെടുക്കുകയും ചെയ്‌തു. സംഭവത്തെത്തുടര്‍ന്ന്‌ കടക്കാരന്‍ ഒളിവില്‍പ്പോയിരിക്കുകയാണത്രേ.

എന്തായാലും ഇനിയുള്ള കാലത്തൊരിക്കലും സമോസ കണ്ടാല്‍ കഴിച്ചുകളയാമെന്ന്‌ സായിപ്പിനും ഭാര്യയ്‌ക്കും തോന്നിയേക്കാനിടയില്ലെന്ന്‌ ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+