അഭയ കേസ്: രണ്ട് വൈദികരും കന്യാസ്ത്രീയും അറസ്റ്റില്‍
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും സിബിഐ സംഘം അറസ്റ്റ് ചെയ്‌തു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്ക എന്നീ വൈദികരും സെഫിയെന്ന കന്യാസ്ത്രീയെയുമാണ് അറസ്റ്റിലായത്.
അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന് സമീപത്ത് താമസിച്ചിരുന്ന സഞ്‌ജു മാത്യു എന്ന യുവാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്‌തത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയുന്നു.
ചൊവ്വാഴ്‌ചയാണ് വൈദികരെ സിബിഐ അറസ്റ്റു ചെയ്‌തതെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ചോദ്യം ചെയ്‌തശേഷം ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. കന്യാസ്ത്രീയെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റുചെയ്തത്.
സഞ്‌ജുവിന്റെ മൊഴി തിങ്കളാഴ്‌ച രഹസ്യമായി രേഖപ്പെടുത്തിയിരുന്നു. സഞ്‌ജുവിനെ നേരിട്ട് കോടതിയില്‍ എത്തിച്ചാണ് സിബിഐ മൊഴി രേഖപ്പെടുത്തിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് ഇയാള്‍ കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു.
കേസന്വേഷണം ഏറ്റെടുത്ത ശേഷം സിബിഐയുടെ പുതിയ സംഘം പയസ് ടെന്‍ത് കോണ്‍വെന്റില്‍ എത്തിയതിന്റെ പേരില്‍ ഏറെ ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ഇവര്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാഞ്ഞതും സഭയുടെ വാഹനത്തില്‍ കോണ്‍വെന്റില്‍ എത്തിയതും ദുരൂഹത സൃഷ്ടിച്ചിരുന്നു.
ഏറെ വിവാദങ്ങളുയര്‍ത്തിക്കൊണ്ട് പതിനാറ് വര്‍ഷമായി തുടരുന്ന കേസില്‍ ഇതാദ്യമായാണ് ഒരു അറസ്റ്റ് നടക്കുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ ഇതുവരെ ഏഴ് സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തേ കേസ് അന്വേഷിച്ച സിബിഐ സംഘം ഇപ്പോള്‍ അറസ്റ്റിലായ രണ്ട് വൈദികരെയും നാര്‍ക്കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതുസംബന്ധിച്ച് സിബിഐ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കേസന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലായി സിബിഐയ്ക്ക് കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്തിരുന്നു.
കേസന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം സിബിഐയുടെ കൊച്ചി യൂണിറ്റിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത കൊച്ചി യൂണിറ്റിലെ സംഘമാണ് ഇപ്പോള്‍ വൈദികരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications