ഇടുക്കി പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ദില്ലി: ഇടുക്കി ജില്ലയുടെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത പാക്കേജ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
1200 കോടി രൂപയുടെ പാക്കേജിനാണ് ധനകാര്യ സമിതിയുടെ അനുമതി ലഭിച്ചിരിയ്‌ക്കുന്നത്. ഏലം, കുരുമുളക്, തേയില എന്നിങ്ങനെയുള്ള കാര്‍ഷികവിളകളുടെ പുനര്‍നടീല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌ത പാക്കേജിലുള്ളത്.
ഇത് കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ജൈവ പരസ്ഥിത സംരക്ഷണം, കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികളും പാക്കേജിലുണ്ട്.
മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഇടുക്കി ഐശ്വര്യ സമിതിയ്‌ക്കും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കര്‍മസമിതിയ്‌ക്കുമായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. അമ്പത് ലക്ഷത്തില്‍ താഴെയുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ടതിന്റെ ചുമതല സര്‍ക്കാരിന്റേതാണ്.
കാര്‍ഷിക മേഖലയുടെ തകര്‍ച്ച കണക്കിലെടുത്ത് കേന്ദ്രം രാജ്യത്തെ 31 ജില്ലകള്‍ ഉള്‍പ്പെടുത്തി വിദര്‍ഭ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ആലപ്പുഴ, ഇടുക്കി ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് രണ്ട് ജില്ലകള്‍ക്കായി പ്രത്യേകം പദ്ധതി സമര്‍പ്പിയ്‌ക്കാന്‍ എംഎസ് സ്വാമിനാഥന്‍ കമ്മീഷനെ കേന്ദ്രം ചുമതലപ്പെടുത്തുകയായിരുന്നു.
ഇതനുസരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദ്യം കുട്ടനാട് പാക്കേജിനും ഇപ്പോള്‍ ഇടുക്കി പാക്കേജിനും കേന്ദ്രം അനുമതി നല്‌കിയിരിക്കുന്നത്.












Click it and Unblock the Notifications