അഭയ: 20ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സിബിഐ
കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസില്‍ മൂന്നു പേരെ അറസ്റ്റുചെയ്‌തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സിബിഐ വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്‌തശേഷം കൊച്ചിയിലെ സിബിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സിബിഐ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. 15-20 ദിവസത്തിനുള്ളില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാര്‍ അറിയിച്ചു.
ഈ സമയത്ത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കി ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് സിബിഐ സംഘം മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
അറസ്‌റ്റിലായ ഫാദര്‍ തോമസ് കോട്ടൂര്‍(61), ഫാദര്‍ ജോസ് പുതൃക്കയില്‍(56), സിസ്റ്റര്‍ സെഫി(47), എന്നിവരെ ഭക്ഷണവും മരുന്നു നല്‍കാതെ പീഡിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഏറ്റവും മനുഷ്യത്വപരമായാണ് പ്രതികളോട് പെരുമാറിയതെന്നും സിബിഐ സംഘം അറിയിച്ചു.
കേസിലെ സുപ്രധാന സാക്ഷിയായ സഞ്‌ജുവിനെ പീഡിപ്പിയ്‌ക്കുകയോ നിര്‍ബന്ധിയ്‌ക്കുകയോ ചെയ്‌തിട്ടില്ലെന്നും അവര്‍ പറഞ്ഞു. അശോക് കുമാറിനെക്കൂടാതെ ഡിഐജിപി കന്തസ്വാമി, അഡീഷണല്‍ എസ്‌പി എന്‍.പി രാജീവാക്ഷന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, ഡിവൈഎസ്‌പി നന്ദകുമാരന്‍ നായര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications