ഒരുമിച്ചുനിന്നാല്‍ പ്രതിസന്ധിയെ മറികടക്കാമെന്ന് മന്‍മോഹന്‍
ദില്ലി: രാജ്യത്തെ വിപണികളില്‍ പ്രതീക്ഷയുടെ നേരിയ വെളിച്ചം വീശുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എല്ലാവരും ഒരുമിച്ചുനിന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ലോകം സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കണം. ആഗോള പ്രതിസന്ധി യാഥാര്‍ത്ഥ്യമാണ്. ആഗോള പ്രശ്‌നങ്ങള്‍ക്ക് ആഗോള തലത്തില്‍ത്തന്നെ പരിഹാരം കാണണമെന്ന കാര്യം കഴിഞ്ഞ നൂറ്റാണ്ട് ഈ നൂറ്റാണ്ടിന് നല്‍കിയ ഏറ്റവും വലിയ പാഠമാണ്. ആഗോള സ്ഥാപനങ്ങളില്‍ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം കൂട്ടേണ്ടതുണ്ട്-മന്‍മോഹന്‍ പറഞ്ഞു.
ദില്ലിയില്‍ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടു ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിയ്‌ക്കും. അത് നിലനിര്‍ത്താനായി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും.
വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത്. പ്രതിസന്ധി ഇന്ത്യയെ പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ നിശബ്ദരായി ഇരിക്കാന്‍ നമുക്ക് കഴിയില്ല- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മത്സരങ്ങള്‍ സമൂഹത്തെ ജാതി,മത അടിസ്ഥാനത്തില്‍ വിഭജിയ്‌ക്കാനിടയുണ്ട്. ഇതിന് അവസരം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications