എണ്ണ വില കൂപ്പു കുത്തുന്നു; ഇന്ത്യയില്‍ വില കുറക്കില്ല
ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കൂപ്പുകുത്തുന്നതിനിടെ ഇന്ത്യയില്‍ എണ്ണ വില കുറയ്‌ക്കാനുള്ള സാഹചര്യമല്ല നിലനില്‌ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പുരോഗമിയ്‌ക്കുന്നതിനാല്‍ ഡിസംബര്‍ വരെ എണ്ണ വില കുറയ്ക്കല്‍ ഉണ്ടാകുകയില്ലെന്നാണ് പെട്രോളിയം മന്ത്രി ദിയോറ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ അസംസ്‌കൃത എണ്ണ ബാരലിന് 100 ഡോളറിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബാരലിന് 48 ഡോളറാണ് വെള്ളിയാഴ്‌ചത്തെ വില. ഇന്ത്യക്ക് ലഭിയ്‌ക്കുന്നതാകട്ടെ 45.5 ഡോളറിനും.
പാകിസ്‌താനും ബംഗ്ലാദേശുമടക്കമുള്ള ചെറുരാജ്യങ്ങള്‍ വരെ എണ്ണ വിലയില്‍ സാരമായ കുറവ് വരുത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ വില കുറയ്‌ക്കാത്തത് വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
എണ്ണ വില കുറയ്‌ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നിരന്തരമായി ആവശ്യപ്പെടുന്നതിനിടെയാണ് വില കുറക്കുന്ന കാര്യം തത്‌കാലം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ വില കുറച്ചാല്‍ അത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് ലംഘനമാകുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഡിസംബറില്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ വില കുറയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കൂവെന്ന് പെട്രോളിയം മന്ത്രി അറിയിച്ചു.












Click it and Unblock the Notifications