സര്‍ക്കാര്‍ പാക്കേജ് തള്ളി: ചെങ്ങറ സമരം തുടരും
തിരുവനന്തപുരം: ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായില്ല.
ഭൂരഹിതര്‍ക്ക് ഭൂമി നല്‌കാന്‍ മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ച പാക്കേജ് സമരം ചെയ്യുന്ന സാധുജന വിമോചന മുന്നണിയ്‌ക്ക് സ്വീകാര്യമായില്ല. ചെങ്ങറയിലെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് 5000 കോടി രൂപയുടെ പാക്കേജാണ് തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി പട്ടിക ജാതി പട്ടിക വര്‍ഗ നേതാക്കളോട് യോഗത്തില്‍ വിശദീകരിച്ചു. പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിച്ച് 16 ഉം പട്ടിക വര്‍ഗത്തെ പ്രതിനിധീകരിച്ച് ഏഴും സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രിയ്‌ക്ക് പുറമെ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, പിന്നാക്ക ക്ഷേമമന്ത്രി എ.കെ ബാലന്‍, വനം മന്ത്രി ബിനോയ് വിശ്വം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേ സമയം സര്‍ക്കാരിന്റെ പാക്കേജ് സ്വീകാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത മറ്റു പല സംഘടന നേതാക്കളും അറിയിച്ചിട്ടുണ്ട്.
പാക്കേജ് തയാറാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിയ്‌ക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ചെങ്ങറ സമര നേതാക്കളായ ളാഹ ഗോപാലനും കൂട്ടരും സര്‍ക്കാരിന്റെ പാക്കേജ് സ്വീകാര്യമല്ലെന്ന് അറിയിക്കുകയായിരുന്നു.
ഒരേക്കര്‍ കൃഷി ഭൂമി ലഭിയ്‌ക്കണമെന്ന നിര്‍ദ്ദേശത്തില്‍ അവര്‍ ഉറച്ചു നിന്നതോടെ ചെങ്ങറ സമരത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications