സൗജന്യ ചികിത്സ തേടിയ 16 പേര്‍ അന്ധരായി
ജയ്‌പൂര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂറത്‌ഗഡില്‍ നടന്ന സൗജന്യ നേത്രശസ്‌ത്രക്രിയാ ക്യാമ്പില്‍ ചികിത്സ തേടിയവരില്‍ 16 പേര്‍ക്ക് കാഴ്‌ചനഷ്ടപ്പെട്ടു. 27പേരുടെ കണ്ണുകള്‍ക്ക് പലതരം രോഗങ്ങള്‍ ബാധിച്ചു.
ബുധനാഴ്‌ചയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നേത്ര ചികിത്സാ ക്യാമ്പ് നടന്നത്. ക്യാമ്പില്‍ 78 പേരോളം പങ്കെടുത്തിരുന്നു. ക്യാമ്പിലെ ചികിത്സ കഴിഞ്ഞ് കണ്ണിന് അസ്വസ്ഥത തോന്നിയവര്‍ എസ്‌എംഎസ് ആശുപത്രിയല്‍ ചികിത്സ തേടിയിരിക്കുകയാണ്.
പതിനാറ് പേരുടെ കാഴ്‌ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചികിത്സയ്‌ക്കിടെ കണ്ണിന് കുഴപ്പംനേരിട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ക്യാമ്പിനിടെ ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌എംഎസ് ആശുപത്രി സൂപ്രണ്ട് നര്‍പത് സിങ് ശെഖാവത് പറഞ്ഞു.
പ്രശ്‌നത്തെക്കുറിച്ച് വിദഗ്‌ധ ഡോക്ടര്‍മാരുടെ ഒരു സംഘം അന്വേഷണം നടത്തുമെന്ന് ശ്രീഗംഗനാഗര്‍ ജില്ലാകളക്ടര്‍ ഭവാനി സിങ് ദത്ത അറിയിച്ചു. കാഴ്‌ചനഷ്ടപ്പെടുകയും കണ്ണിന് മറ്റ് കുഴപ്പങ്ങള്‍ നേരിടുകയും ചെയ്‌തവരില്‍ ഏറെപ്പേരും പ്രായംചെന്നവരാണ്.
എന്നാല്‍ കാഴ്‌ച നഷ്ടപ്പെട്ടതുകൊണ്ടല്ല ശസ്‌ത്രക്രിയയ്‌ക്ക് ശേഷമുള്ള പരിശോധനയ്‌ക്ക് വേണ്ടിയാണ് ഇവരെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications