സൈനികന്റെ ചെവി യുവതി കടിച്ചുപറിച്ചു
ലഖ്‌നൊ: കാര്‍ഗില്‍ യുദ്ധത്തില്‍ കണ്ണ് നഷ്ടപ്പെട്ട ജവാന്‍റെ ചെവി യുവതി കടിച്ചുപറിച്ചു. മീററ്റിലെ ഗുല്‍ബീര്‍ സിങ് എന്ന സൈനികനാണ് കണ്ണിന് പിന്നാലെ ചെവിയും നഷ്ടപ്പെട്ടത്. ചെവി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ക്കുന്നതിനായി ഗുല്‍ബീര്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്.
മീററ്റിലെ ഒരു ചന്തയില്‍ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. കുടുംബത്തിലെ സ്‌ത്രീ ജനങ്ങള്‍ക്കൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്നു ഗുല്‍ബീര്‍. മീററ്റിലെ ഒരു മാര്‍ക്കറ്റിനടുത്തെത്തിയപ്പോള്‍ ഒരു യുവതിയും പയ്യനും കൂടി ഒരു സ്‌കൂട്ടിയില്‍ ഇവരുടെ കാറിനെ ഓവര്‍ടേക് ചെയ്‌ത് മുന്നിലെത്തി.
പ്രണയികളായ ഇവര്‍ സല്ലപിച്ചുകൊണ്ട് വളരെ പതുക്കെയാണ് സ്‌കൂട്ടി ഓടിച്ചുകൊണ്ടിരുന്നത്. കാറിന് മുന്നില്‍ കടക്കാന്‍കഴിയാതെ ഏറെനേരെ പതുക്കെ പോവേണ്ടിവന്നു. എത്ര ഹോണടിച്ചിട്ടും സ്‌കൂട്ടി യാത്രക്കാര്‍ ഒതുങ്ങിക്കൊടുത്തില്ല. തുടര്‍ന്ന് കാര്‍ നിര്‍ത്തി ഗുല്‍ബീര്‍ പുറത്തിറങ്ങി എന്തിനാണ് ഇങ്ങനെ വണ്ടിയോടിക്കുന്നതെന്ന് ചോദിക്കാന്‍ കമിതാക്കള്‍ക്കടുത്തെത്തി.
തുടര്‍ന്ന് യുവതിയും ഗുല്‍ബീറും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതി സ്‌കൂട്ടിയില്‍ നിന്നിറങ്ങി ഗുല്‍ബീറുമായി തര്‍ക്കം തുടങ്ങി. പതുക്കെ തര്‍ക്കം കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങി. ഇതിനിടെ പെട്ടെന്ന് ഗുല്‍ബീറിന്റെ കരച്ചില്‍ ഉയര്‍ന്നു കേട്ടു. അപ്പോഴേയ്ക്കും ഗുല്‍ബീറിന്റെ വലതു ചെവി യുവതി വായിലാക്കിയിരുന്നു.
ഗുല്‍ബീറിന്റെ കരച്ചില്‍ കേട്ട് കാറിലുണ്ടായിരുന്ന സ്‌ത്രീജനങ്ങള്‍ പുറത്തിറങ്ങി. ഇതിനിടെ സംഭവം സ്ഥലത്ത് ജനങ്ങളും തടിച്ചുകൂടി. എല്ലാവരും കൂടി യുവതിയെ പിടിച്ചുമാറ്റിയപ്പോള്‍ ഗുല്‍ബീറിന്റെ ചെവി പറിഞ്ഞ് നിലത്തുവീണു. വേദനകൊണ്ട് പുളയുകയായിരുന്ന ഇയാളെ പെട്ടെന്ന് തന്നെ അടുത്തുള്ള ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം പറിഞ്ഞു പോയ ചെവിയും ആശുപത്രിയില്‍ എത്തിച്ചു.
ഗുല്‍ബീറിന്റെ ബന്ധുക്കള്‍ യുവതിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എയര്‍ഹോസ്‌റ്റസാവാന്‍ പരിശീലനം നേടുകയാണെന്നും കൂടെയുണ്ടായിരുന്നത് അവരുടെ കാമുകനാണെന്നും വ്യക്തമായി. ഇതിനിടെ പെണ്‍കുട്ടി ഗുല്‍ബീറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ഒരു തീരുമാനമെടുക്കാന്‍ പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications