വീരപ്പന്റെ ഭാര്യ അറസ്റ്റില്‍
മേട്ടൂര്‍: കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മിയെ പോലീസ് അറസ്‌റ്റു ചെയ്‌തു. വീരപ്പന്‍ ചെയ്‌ത് കൂട്ടിയ പല കുറ്റകൃത്യങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് വന്‍ തലവേദന സൃഷ്ടിച്ച വീരപ്പന്‍ കൊല്ലപ്പെട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യയായ മുത്തുലക്ഷ്‌മി അറസ്‌റ്റിലാകുന്നത്. ബുധനാഴ്‌ച രാവിലെ മേട്ടൂരില്‍ നിന്നും കര്‍ണാടക പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഭര്‍ത്താവിന്റെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും തനിയ്‌ക്കും പങ്കുണ്ടെന്ന് മുത്തുലക്ഷ്‌മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 22 പേര്‍ കൊല്ലപ്പെട്ട പാലാര്‍ ബോംബ് സ്‌ഫോടനക്കേസിലെ പങ്കാളിയെന്ന കുറ്റമാണ് മുത്തുലക്ഷ്മിക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കേസ്.
ഇതിന് പുറമെ രാംപുര പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിലും വനംവകുപ്പില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന ശ്രീനിവാസന്റെ കൊലപാതകകേസിലും ഇവരെ പ്രതി ചേര്‍ത്തിട്ടുണ്ട്.
ദൗത്യ സേനയുടെ ആക്രമണത്തില്‍ വീരപ്പന്‍ കൊല്ലപ്പെട്ടതിന് ശേഷം ഉണ്ടായ സഹതാപ തരംഗത്തെ തുടര്‍ന്ന് മുത്തുലക്ഷ്‌മിയെ പോലീസ് വെറുതെ വിട്ടിരുന്നു.
വീരപ്പന്റെ ജീവിതം സിനിമയക്കാന്‍ അനുമതി നല്‌കിയതിലൂടെ ഈയിടെ മുത്തുലക്ഷ്‌മി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഉച്ചയ്‌ക്ക് കര്‍ണാടകയിലെ ചാമരാജനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു വരുന്ന മുത്തുലക്ഷ്‌മിയെ ബുധനാഴ്‌ച തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.












Click it and Unblock the Notifications