അഭയക്കേസ്: പൂതൃക്കയിലിന്റെ ഹര്‍ജി കോടതിയില്‍
കൊച്ചി: അഭയക്കേസില്‍ സിബിഐ കസ്‌റ്റഡിയില്‍ വിട്ട സിജെഎം കോടതി വിധിയെ ചോദ്യം ചെയ്‌ത് ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ ഹര്‍ജി ബുധനാഴ്‌ച കോടതി പരിഗണിയ്‌ക്കും.
വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെയും കേസില്‍ തന്റെ പങ്ക് വ്യക്തമാക്കാതെയുമാണ് കസ്റ്റഡിയില്‍ വാങ്ങിയതെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് പൂതൃക്കയിലിന്റെ വാദം.
ഇത് സംബന്ധിച്ച് സിബിഐ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി നിയമവ്യവസ്ഥകള്‍ പാലിയ്‌ക്കുന്നതില്‍ അന്വേഷണദ്യോഗസ്ഥര്‍ വീഴ്‌ച വരുത്തിയതായും പരമാര്‍ശിച്ചിരുന്നു.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 167ാം വകുപ്പ് പ്രകാരം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ തെളിവുകള്‍ ഹാജരാക്കുകയും കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്കും എന്തെന്ന് കോടതിയെ ധരിപ്പിയ്‌ക്കേണ്ട ചുമതല സിബിഐയ്‌ക്കുണ്ടെന്ന് ജസ്റ്റിസ് ബസന്ത് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് സിബിഐ സത്യവാങ്‌മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു.
സിബിഐ കസ്റ്റഡിയില്‍ വിട്ടു കൊടുത്തതിനെതിരെ ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്‌റ്റര്‍ സെഫിയുടേയും അഭിഭാഷകരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കിയിട്ടുണ്ട്.












Click it and Unblock the Notifications