ചിദംബരം അല്ലെങ്കില്‍ പ്രണബ്.......?
ദില്ലി : ശിവരാജ് പാട്ടിലീനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും മാറ്റി പി. ചിദംബരത്തിനോ പ്രണബ് മുഖര്‍ജിക്കോ ചുമതല നല്‍കാന്‍ കോണ്‍ഗ്രസില്‍ ആലോചന ശക്തമാകുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ശിവരാജ് പാട്ടീല്‍ ആഭ്യന്തരമൊഴിയണമെന്ന അഭിപ്രായക്കാരാണ്. ധനമന്ത്രി പി ചിദംബരം, വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരിലാരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതല കൈമാറണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
ആഭ്യന്തര സുരക്ഷയ്ക്കു നേരെ വെല്ലുവിളി ഉയര്‍ന്നപ്പോഴൊക്കെ ശിവരാജ് പാട്ടീലിന്റെ തലയുരുളുമെന്ന് പലരും കരുതിയിരുന്നു. അപ്പോഴൊക്കെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ പിന്തുണയോടെ പ്രതിസന്ധികള്‍ അദ്ദേഹം അതിജീവിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുഖം രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയെ കുരുതി കൊടുത്തേ മതിയാകൂ എന്ന സാഹചര്യമാണ്.
സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും കടുത്ത ജോലിഭാരം അനുഭവിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ആഭ്യന്തര സുരക്ഷയുടെയും വിദേശനയ രൂപീകരണത്തിന്റെയും ചുമതല നാരായണനുണ്ട്.
മാവോയിസ്റ്റ് ഭീകരത, വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അമര്‍നാഥ് പ്രശ്നം, ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ എന്നിവയൊക്കെ ശിവരാജ് പാട്ടീല്‍ കൈകാര്യം ചെയ്ത രീതിയോട് കോണ്‍ഗ്രസിനുളളില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.
ദില്ലി സ്ഫോടനങ്ങള്‍ കഴിഞ്ഞയുടനെ മൂന്നു തവണ വസ്ത്രം മാറി ശിവരാജ് പാട്ടീല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കടുത്ത വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ഇതൊക്കെ യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏല്‍പ്പിച്ച കോട്ടം ചെറുതൊന്നുമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
മന്ത്രിസഭയിലെ രണ്ടാമനായ ആഭ്യന്തരമന്ത്രിയുടെ ശരീര ഭാഷ, വഹിക്കുന്ന പദവിയ്ക്കു ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications