ദേശ്മുഖ് രാജിവെയ്ക്കുന്നു; ഷിന്‍ഡേയ്ക്ക് സാധ്യത

ദേശ്മുഖ് രാജി സന്നദ്ധത പ്രഖ്യാപിച്ചതിന് പിന്നാലെ ഷിന്‍ഡെ ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടതാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ഷിന്‍ഡെ എന്‍സിപിയ്‌ക്കും ഏറെ പ്രിയപ്പെട്ടവനാണ്. ഇത് തന്നെയാണ് ഷിന്‍ഡെയുടെ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കുന്നത്. പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെ വേണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ പുരോഗമിയ്‌ക്കുകയാണ്.
മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ചുമതലയുള്ള കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവരും പങ്കെടുത്തു.
വിലാസ് റാവു ഒഴിഞ്ഞാല്‍ ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്‌തുവെന്ന് തന്നെയാണ് സൂചന. മഹാരാഷ്ട്രയുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എ.കെ ആന്റണി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി പൃഥ്വിരാജ് ചവാനെയും ദേശ്‌മുഖിന്റെ പിന്‍ഗാമിയാകാന്‍ പരിഗണിയ്‌ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ ഭീകരാക്രമണവും തുടര്‍ന്നുള്ള കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ദേശ്‌മുഖ് പരാജയപ്പെട്ടുവെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിശിത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് രാജിവെയ്‌ക്കാന്‍ ദേശ്‌മുഖ് സന്നദ്ധത പ്രകടിപ്പിച്ചത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ തിങ്കളാഴ്‌ച രാവിലെ തന്നെ രാജിവെച്ചിരുന്നു. പാട്ടീലിന്റെ ഒഴിവിലേക്ക് എന്‍സിപി നേതാവ് ഛഗന്‍ ഭുജ്‌ബാലിനെയാണ് പരിഗണിയ്‌ക്കുന്നത്.












Click it and Unblock the Notifications