ഇന്‍ഫി ജീവനക്കാരുടെ യാത്ര ഇനി കെഎസ്‌ആര്‍ടിസിയില്‍
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസ് ജീവനക്കാരുടെ പോക്കു വരവ് ഇനി കെഎസ്‌ആര്‍ടിസി ബസില്‍. ഇക്കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയതായി കെഎസ്‌ആര്‍ടിസി എംഡി ടി.പി സെന്‍കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രതിദിനം 2000ത്തോളം ജീവനക്കാരെ കമ്പനിയിലേക്ക് കൊണ്ടു വരുന്നതിനും പോകുന്നതിനും ആണ് ഇന്‍ഫോസിസുമായി കെഎസ്‌ആര്‍ടിസി ധാരണയിലെത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ രാവിലെയും വൈകിട്ടുമായി അഞ്ച് സര്‍വീസുകള്‍ നടത്താനാണ് തീരുമാനമെന്ന് സെന്‍കുമാര്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കമ്പനിയുടെ ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേകമായി സര്‍വീസ് നടത്താനുള്ള കരാറിലെത്തുന്നത്.
ഏറെക്കാലം മുമ്പ് തന്നെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ഇന്‍ഫോസിസ് ഇത്തരമൊരു കരാറിലെത്തിയിരുന്നു. അതിന് സമാനമായ കരാറാണ് കെഎസ്‌ആര്‍ടിസിയുമായി ഇവിടെ ഉണ്ടാക്കിയിട്ടുള്ളതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ നഗരത്തില്‍ ഇന്‍ഫോസിസിന് വേണ്ടി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പ്രതിദിനം 450 ഓളം സര്‍വീസുകളാണ് നടത്തുന്നത്.
നിലവില്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ 140 ഐടി സ്ഥാപനങ്ങളിലായി 18,000ത്തോളം ജീവനക്കാരാണുള്ളത്. ഇവരില്‍ പകുതിയോളം പേര്‍ സ്വന്തം വാഹനങ്ങളിലാണ് ജോലിയ്‌ക്കെത്തുന്നത്.ഇന്‍ഫോസിസിന്റെ പാത ടെക്‌നോപാര്‍ക്കിലെ മറ്റുള്ള കമ്പനികളും തിരഞ്ഞെടുത്താല്‍ ഇരുവിഭാഗത്തിനും ഗുണകരമായി മാറുമെന്നാണ് കരുതപ്പെടുന്നത്.
നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്‌ക്കുന്നതിനൊപ്പം നഷ്ടത്തിലോടുന്ന കെഎസ്‌ആര്‍ടിസിയ്‌ക്ക് ഇത്തരം സര്‍വീസുകള്‍ വലിയ ആശ്വാസമായേക്കും.












Click it and Unblock the Notifications