വിവാദ പ്രസ്താവന: മുഖ്യമന്ത്രിക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം: മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ പിതാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ടുള്ള വിഎസിന്റെ പ്രതികരണം പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കുന്നു.
സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കുടുംബത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‌കി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് നോട്ടീസ് നല്‌കിയത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ മറുപടി പറയുന്നതായിരിക്കും ഉചിതമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.
ഇത് അംഗീകരിച്ച സ്‌പീക്കര്‍ മുഖ്യമന്ത്രി സഭയിലില്ലാത്തതിനാല്‍ പ്രമേയം നാളത്തേയ്‌ക്ക് മാറ്റുകയാണെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു.
സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്‌മയാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയ്‌ക്കുള്ളില്‍ ആരോപണമുയര്‍ത്തിയിരുന്നു.
ശൂന്യവേളയില്‍ മന്ത്രി എം. വിജയകുമാറിന്റെ സബ്‌മിഷന് മറുപടി പറയുമ്പോഴായിരുന്നു പ്രതിപക്ഷം ഈ വിഷയമുയര്‍ത്തി ബഹളം വെച്ചത്. സന്ദീപിന്റെ ജീവത്യാഗത്തെ അനശ്വരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‌കുമെന്നും മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണനും എം. വിജയകുമാറും അറിയിച്ചു.
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റു മലയാളികളായ തിരുവന്തപുരം സ്വദേശി മുരുകന്‍ മകന്‍ അനീഷ് പ്രഭു എന്നിവരുടെ ആശ്രിതര്‍ക്ക് സഹായം നല്‌കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി സബ്‌മിഷന്‍ അവതരിപ്പിച്ചപ്പോഴായിരുന്നു സന്ദീപിന്റെ വിഷയം ഉയര്‍ന്നു വന്നത്.












Click it and Unblock the Notifications