അഭയ: പ്രതികള്‍ക്ക് വേണ്ടി ഉപവാസം നടത്തി
കോട്ടയം: സിസ്‌റ്റര്‍ അഭയക്കേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് വേണ്ടി കോട്ടയം അതിരൂപതയിലെ പള്ളികളില്‍ തിങ്കളാഴ്‌ച ഉപവാസ പ്രാര്‍ത്ഥന നടന്നു. സിബിഐ കസ്റ്റഡിയിലുള്ള ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് വേണ്ടിയാണ് അതിരൂപതയുടെ കീഴിലുള്ള 150 ഓളം പള്ളികളില്‍ വിശ്വാസികള്‍ ഒരു നേരത്തെ ഭക്ഷണം വെടിഞ്ഞ് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
പള്ളി വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒത്തൊരുമിച്ച് പ്രാര്‍ത്ഥന നടത്താനായിരുന്നു രൂപതയില്‍ നിന്നുള്ള നിര്‍ദ്ദേശം. കേസില്‍ പ്രതികളായ മൂന്ന് പേരും നിരപരാധികളാണെന്ന നിലപാടാണ് ക്‌നാനായ കത്തോലിക്ക സഭ സ്വീകരിച്ചിരിയ്‌ക്കുന്നത്.
അതിനിടെ അഭയക്കേസ് ആക്ഷന്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്ന നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാദര്‍ ജോസ് ചിറ്റപ്പുറത്തിന്റെ പ്രാര്‍ത്ഥന വരും നാളുകളില്‍ വിവാദമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ പള്ളിയിലെ ഇടവകാംഗമായ ജോമോന് നല്ല ബുദ്ധി വരുത്തണമേയെന്നും ആപത്തൊന്നും സംഭവിക്കാതിരിയ്‌ക്കാനും വിശ്വാസികള്‍ പ്രാര്‍ത്ഥിയ്‌ക്കണമെന്നാണ് കുര്‍ബാനയ്‌ക്കിടെ ഫാദര്‍ ജോസ് പറഞ്ഞത്.












Click it and Unblock the Notifications