വിവാഹത്തട്ടിപ്പ്: വ്യാജഡോക്ടര്‍ അറസ്‌റ്റില്‍
ചെന്നൈ: വിവാഹത്തട്ടിപ്പ് വീരനായ വ്യാജ ഡോക്ടറെ ചെന്നൈയില്‍ പൊലീസ് അറസ്റ്റുചെയ്‌തു. തിരുവള്ളൂര്‍ ജില്ലയിലെ ആരണിയില്‍ പൊലീസ് സ്റ്റേഷന് സമീപം സെന്റ് തേരാസാസ് മെഡിക്കല്‍ ട്രസ്റ്റ് എന്ന ആശുപത്രി നടത്തുകയായിരുന്നു കമലേശന്‍(35) ആണ് അറസ്റ്റിലായത്.
കമലേശന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ ആരോഗ്യ വകുപ്പിലും പൊലീസിലും തനിക്ക് പിടിപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പലസ്ഥലങ്ങളില്‍നിന്നായി പത്ത് സ്‌ത്രീകളെ ഇയാള്‍ വിവാഹം ചെയ്‌തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
അവസാനമായി ഒരു ബിഎഡ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ഈ രീതിയില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്‌തത്. ഈ വിവാഹം കഴിഞ്ഞിട്ട് ഏതാനും നാളുകള്‍ മാത്രമേ ആയിട്ടുള്ളു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ റെയ്‌ഡ് നടത്തിയ പൊലീസ് ഇയാളുടെ എംബിബിഎസ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്‌ക്ക് അയച്ചപ്പോള്‍ അത് വ്യാജമാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഇയാളെ അറസ്‌റ്റുചെയ്‌തത്.












Click it and Unblock the Notifications