വിഴിഞ്ഞം ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവ്
കൊച്ചി: വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സൂം ഡവലപ്പേഴ്‌സിനെ അയോഗ്യരാക്കിയ സര്‍ക്കാര്‍ നടപടിയും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിയ്ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‌കി.
സൂം ഡവലപ്പേഴ്‌സ് നേരത്തെ സമര്‍പ്പിച്ച ടെണ്ടര്‍ കൂടി പരിഗണിച്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി വിധിയോടെ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ കരാര്‍ തന്നെ റദ്ദായിരിക്കുകയാണ്. ലാന്‍കോ കൊണ്ടാപ്പിള്ളി ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതോടെ നിര്‍ത്തിവെയ്‌ക്കേണ്ടതായി വരും.
ടെണ്ടര്‍ സമര്‍പ്പിച്ച ശേഷം കമ്പനി പങ്കാളികളെ മാറ്റിയ നടപടി അംഗീകരിയ്‌ക്കാനാകില്ലെന്നായിരുന്നു ടെണ്ടര്‍ പരിഗണിച്ച ഉന്നതധികാര സമിതിയുടെ തീരുമാനം. ഇത് പ്രകാരം സൂം ഡവലപ്പേഴ്‌സ് സമര്‍പ്പിച്ച ടെണ്ടര്‍ തുറന്ന് പോലും നോക്കാതെ തള്ളിയിരുന്നു.
ഇതിനെതിരെ സൂം ഡവലപ്പേഴ്‌സ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ഹര്‍ജി നല്‌കിയിരുന്നെങ്കിലും ലാന്‍കോയ്‌ക്ക് നിര്‍മാണ കരാര്‍ നല്‌കിയ നടപടി സിംഗിള്‍ ബഞ്ച് ശരിവെയ്‌ക്കുകയായിരുന്നു.
ഇതിനെതിരെയാണ് സൂം ഡവലപ്പേഴ്‌സ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.












Click it and Unblock the Notifications