പെട്രോളിന് 10 രൂപ കുറച്ചേക്കും
ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാനൊരുങ്ങുന്നു. ഡിസംബര്‍ 11ന് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വിലയിടിവ് തുടരുന്ന പശ്ചാത്തലത്തില്‍ പെട്രോളിന് 10 രൂപയോളം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഡീസലിന് 3 രൂപയും പാചകവാതകം സിലിണ്ടറിന് 20 രൂപയും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന തകര്‍ച്ച തുടരുകയാണ്. എണ്ണ വില ബാരലിന് 44 ഡോളറില്‍ താഴെയെത്തി. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താണ നിരക്കാണിത്.എണ്ണ വില കുറഞ്ഞതോടെ നഷ്ടത്തിലായിരുന്ന എണ്ണ കമ്പനികള്‍ 3 വര്‍ഷത്തിലാദ്യമായി ലാഭത്തിലേക്കെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 14.89 രൂപയാണ് കമ്പനികള്‍ക്ക് ലാഭം കിട്ടുന്നത്. അതേ സമയം സബ്സിഡി നിരക്കില്‍ മണ്ണെണ്ണയും പാചകവാതകവും നല്‍കുന്നത് നഷ്ടത്തിലാണെന്നും കമ്പനികള്‍ പറയുന്നു.