ഓടുന്ന വണ്ടിയില്‍ സുഖപ്രസവം
നാഗ്‌പൂര്‍: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ മുപ്പത്തിരണ്ടുകാരിയ്‌ക്കു സുഖപ്രസവം. നിസാമുദ്ദീന്‍ റായ്‌ഗഡ് ഗൊണ്ട്വാന എക്‌സ്‌പ്രസ് തീവണ്ടിയിലെ ജനറല്‍ കംപാര്‍ട്‌മെന്റിലാണ് ശുകുന്ദള വാഗ് എന്ന യുവതി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
വ്യാഴാഴ്‌ച കാലത്ത് തീവണ്ടി നാഗ്‌പൂര്‍ റയില്‍വേ സ്റ്റേഷനിലേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് പ്രസവം നടന്നത്. ബില്‍സാപൂരിലെയ്‌ക്ക് പോകാനായി നിസാമുദ്ദീനില്‍ നിന്നാണ് പൂര്‍ണ ഗര്‍ഭിണിയായ ശകുന്തള തീവണ്ടിയില്‍ കയറിയത്.
കാലത്ത് ഒന്‍പതരമണിയോടെയാണ് തീവണ്ടിയില്‍വച്ച് ശകുന്തളയ്‌ക്ക് പ്രസവവേദന തുടങ്ങിയത്. തുടര്‍ന്ന് ടോയ്‌ലറ്റിലേയ്‌ക്ക് പോയ ശകുന്തള അവിടെ പ്രസവിക്കുകയായിരുന്നു. കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന മറ്റു സ്‌ത്രീകളും ശകുന്തളയുടെ കൂടെയുണ്ടായിരുന്ന സ്‌ത്രീയും ചേര്‍ന്ന് വേണ്ട ശുശ്രൂഷകള്‍ നല്‍കി.
പിന്നീട് റയില്‍വേ ആശുപത്രിയില്‍ വിവരം നല്‍കി. വണ്ടി സ്റ്റേഷനില്‍ എത്തിയ ഉടന്‍തന്നെ വനിതാ ഡോക്ടര്‍ ശകുന്തളയെ പരിശോധിച്ച് നില തൃപ്‌തികരമാണെന്ന് ഉറപ്പ് വരുത്തി.
പിന്നീട് അമ്മയെയും കുഞ്ഞിനെയും ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളെജ് ആശുപത്രിലേയ്‌ക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications