അഭയ: രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അഭയാക്കേസില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും കേസ് ഡയറിയും ഉടന്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. കേസിലെ പ്രതികളായ മൂന്ന് പേരുടെയും ജാമ്യാപേക്ഷ വ്യാഴാഴ്‌ച കോടതി പരിഗണിയ്‌ക്കും.
രേഖകള്‍ ബുധനാഴ്‌ച ഉച്ചയ്‌ക്ക് തന്നെ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്. നാര്‍ക്കോ പരിശോധനയടക്കം കേസുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ വൈദ്യ പരിശോധനകളുടെയും ഫലം, പരിശോധന നടത്തിയ വിദഗ്‌ധരുടെ യോഗ്യതകള്‍ എന്നിങ്ങനെയുള്ള സൂക്ഷമ വിവരങ്ങളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യാതൊരു തെളിവുമില്ലാതെയാണ് സിബിഐ തന്നെ കസ്‌റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി മൂന്നാം പ്രതി സിസ്റ്റര്‍ സെഫി നല്‌കിയ ജാമ്യഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ എതിര്‍ത്തു. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിയ്‌ക്കാനും തെളിവുകള്‍ നശിപ്പിയ്‌ക്കാനും ശ്രമിയ്‌ക്കുമെന്ന് സിബിഐ കോടതി ബോധിപ്പിച്ചു.












Click it and Unblock the Notifications