കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരന്‍ വീണ്ടും ബഹിരാകാശത്തേക്ക്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന പദവി രാകേഷ്‌ ശര്‍മ്മ സ്വന്തമാക്കി രണ്ടര ദശാബ്ദങ്ങള്‍ക്ക്‌ ശേഷം മറ്റൊരിന്ത്യക്കാരന്‍ കൂടി ബഹിരാകാശത്തേക്ക്‌. രാകേഷ്‌ ശര്‍മ്മയെ ബഹിരാകാശത്തെത്തിച്ച റഷ്യ തന്നെയാണ്‌ പുതിയ ദൗത്യത്തിലും ഇന്ത്യയെ സഹായിക്കുന്നത്‌. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ്‌ ദിമിത്രി മെദ്‌വദേവുമായി ഇത്‌ സംബന്ധിച്ച്‌ ഇന്ത്യ ധാരണപത്രം ഒപ്പുവെച്ചു. 2013ലായിരിക്കും ഈ ദൗത്യം നടപ്പാവുക.

2015ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിയ്‌ക്കാനുള്ള ഐഎസ്‌ആര്‍ഒയുടെ പദ്ധതിയ്‌ക്ക്‌ മുന്നോടിയായാണ്‌ റഷ്യന്‍ വാഹനത്തില്‍ ഇന്ത്യക്കാരനെ അയക്കുന്നത്‌. ഇന്ത്യയ്‌ക്ക്‌ വേണ്ടി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായരും റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ റോസ്‌കോസ്‌ മോസിന്റെ അധ്യക്ഷന്‍ അനറ്റലി പര്‍മിനോവുമാണ്‌ കരാറില്‍ ഒപ്പുവെച്ചത്‌.

2015ലെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിനുള്ള വാഹനം ഇരുരാജ്യങ്ങളും സംയുക്തമായാണ്‌ രൂപകല്‌പന ചെയ്യുക. റഷ്യയുടെ സോയൂസ്‌ വിക്ഷേപണ വാഹനം പുനര്‍രൂപകല്‌പന ചെയ്‌താണ്‌ ഇന്ത്യന്‍ ദൗത്യത്തിന്‌ ഉപയോഗിക്കുക. രണ്ടാഴ്‌ച നീളുന്ന ബഹിരാകാശവാസത്തിനുള്ള പദ്ധതിയാണ്‌ ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്‌.

ബഹിരാകാശ യാത്രികരെ പരിശീലിപ്പിയ്‌ക്കാന്‍ ബാംഗ്ലൂരില്‍ പരിശീലന കേന്ദ്രം ആരംഭിയ്‌ക്കും. 200 പേരടങ്ങുന്ന ബാച്ചിനെയാണ്‌ ആദ്യം പരിശീലിപ്പിയ്‌ക്കുക. ഇതില്‍ നിന്ന്‌ ഏറ്റവും മികച്ച നാലുപേര്‍ക്ക്‌ അന്തിമഘട്ട പരിശീലനം നല്‌കും. ഇവരില്‍ നിന്ന്‌ രണ്ട്‌ പേര്‍ക്കായിരിക്കും ബഹിരാകാശ യാത്രയ്‌ക്കുള്ള അവസരം ലഭിയ്‌ക്കുക. ബഹിരാകാശ യാത്രയ്‌ക്ക്‌ ശേഷം ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയക്കാനും 2030ല്‍ ചൊവ്വാ പര്യവേഷണത്തിനും ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്‌.

1984 ഏപ്രിലിലാണ്‌ രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന പദവി സ്വന്തമാക്കിയത്‌. സോവിയറ്റ്‌ യൂണിയന്റെ സല്യൂട്ട്‌-7 എന്ന വിക്ഷേപണ വാഹനത്തിലായിരുന്നു അദ്ദേഹത്തിന്റെ ബഹിരാകാശ യാത്ര.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X