മുഖ്യമന്ത്രിയെ അപമാനിച്ചയാളെ അവതാര പുരുഷനാക്കുന്നു: പിണറായി
പത്തനംതിട്ട: മുഖ്യമന്ത്രിയെ അപമാനിയ്‌ക്കാന്‍ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ അവതാരപുരുഷനായി ചിത്രീകരിയ്‌ക്കാന്‍ ചിലരുണ്ടായത് ഖേദകരമാണെന്ന് പിണറായി വിജയന്‍. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.
"മുഖ്യമന്ത്രിയെ പിന്താങ്ങുകയെന്ന ഭാവത്തില്‍ അദ്ദേഹത്തെ അപഹാസ്യനാക്കുന്ന വാക്കുകളാണ് ഉപയോഗിച്ചത്. ആ മനുഷ്യനെപ്പറ്റി വിശേഷണങ്ങള്‍ ഒന്നും പറയുന്നില്ല. ഇരിക്കേണ്ടിടത്ത് ഇരുന്നാല്‍ നല്ലത്. പറയേണ്ടത് മാത്രം പറയണം. ആ മനുഷ്യന്റെ ഉറഞ്ഞു തുള്ളലിന് ആരു വിലകല്‌പിയ്‌ക്കും."
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ കെ. സുരേഷ് കുമാറിനെ പേരെടുത്ത് പറയാതെ നിശിതമായാണ് പിണറായി വിമര്‍ശിച്ചത്.
ഈ ആരോപണങ്ങളുടെ പേരില്‍ അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതില്‍ ഒരു അടിയന്തര സാഹചര്യവുമില്ല.
സാധാരണ നിലവിട്ടു പെരുമാറുന്ന ഉദ്യോഗസ്ഥനെ എന്ത് ചെയ്യണമെന്ന് വ്യവസ്ഥകളും നിയമങ്ങളുമുണ്ട്. അത് പ്രകാരം നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മാതൃകപരമായി നടപടികളെടുക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് കേരളം ഭരിയ്‌ക്കുന്നതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications