പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടല്‍ കുറയുന്നു കെപിസിസി
കൊച്ചി: പാര്‍ട്ടിയില്‍ ഭാരവാഹികളുടെ എണ്ണം കുറയ്‌ക്കണമെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സമ്മേളനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്.
സീറ്റു മോഹികളായെത്തുന്ന പണച്ചാക്കുകളെ തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാന്‍ അനുവദിയ്‌ക്കരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കെ. സുധാകരന്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി സംസാരിയ്‌ക്കവെയാണ് വിഎം സുധീരന്‍ ഇക്കാര്യം പറഞ്ഞത്.
ഇത്തരത്തില്‍ എത്തുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിയ്‌ക്കുന്നത് ഒരു കീഴ് വഴക്കമായി മാറിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
സമ്മേളനത്തില്‍ കെ. സുധാകരനാണ് ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രാദേശിക പ്രശ്‌നങ്ങളില്‍ പാര്‍ട്ടി സജീവമായി ഇടപെടുന്നില്ലെന്നതായിരുന്നു പ്രധാന വിമര്‍ശനം. കട്ടൗട്ടുകള്‍ വെയ്‌ക്കുമ്പോള്‍ ദേശീയ നേതാക്കള്‍ക്കൊപ്പം പ്രാദേശിക നേതാക്കള്‍ക്കും തുല്യപ്രധാന്യം നല്‌കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കി തീര്‍ക്കുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷത്തെ അധികാരത്തിലേറ്റാന്‍ സഹായിച്ച കുടുംബശ്രീ പോലൊരു സംഘടന കോണ്‍ഗ്രസും നടപ്പാക്കണമെന്നും ചര്‍ച്ചകളില്‍ ആവശ്യങ്ങളുയര്‍ന്നു. ഒട്ടാകെ ആറ് പ്രമേയങ്ങളാണ് അവതരിപ്പിയ്‌ക്കുക.
ഞായറാഴ്‌ച രാവിലെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ഇതിന് ശേഷമാണ് നിര്‍വാഹക സമിതി യോഗം ആരംഭിച്ചത്.












Click it and Unblock the Notifications