ജോലി പോയവര്‍ക്ക് സൗജന്യ അത്താഴം
ദുബായ്: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റ ഇരകളായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണ പദ്ധതിയുമായി ഒരു ഹോട്ടല്‍ രംഗത്ത്.
സാമ്പത്തിക മാന്ദ്യം ഏറ്റവും രൂക്ഷമായ രാജ്യമായ യുഎഇയിലെ അറേബ്യന്‍ പാര്‍ക്ക് ഹോട്ടലാണ് വ്യത്യസ്‌തമായ സഹായവുമായി രംഗത്തെത്തിയിട്ടുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി അത്താഴം നല്‌കുമെന്നാണ് അറേബ്യന്‍ പാര്‍ക്ക് ഹോട്ടല്‍ വാഗ്‌ദാനം ചെയ്‌തിരിയ്‌ക്കുന്നത്. ഡിസംബര്‍ 15മുതല്‍ ജനുവരി 15 വരെ പണം കൊടുക്കാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം ലഭിയ്‌ക്കും. ഇത്തരത്തില്‍ ഭക്ഷണം കഴിയ്‌ക്കാന്‍ വരുന്നവര്‍ തങ്ങള്‍ക്ക് ലഭിച്ച പിരിച്ചുവിടല്‍ നോട്ടീസ് കൂടെ കൈയ്യില്‍ കരുതേണ്ടി വരും.
സാമ്പത്തിക മാന്ദ്യം യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെയാണ് പ്രധാനമായും ബാധിച്ചിരിയ്‌ക്കുന്നത്. പല നിര്‍മാണ കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് മൂലം നൂറകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.
പണത്തിന്റെ മൂല്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനുമാണ് ഈ പദ്ധതിയുമായി രംഗത്തെത്തിയതെന്ന് അറേബ്യന്‍ പാര്‍ക്കിന്റെ ജനറല്‍ മാനേജര്‍ മാര്‍ക്ക് ലീ പറഞ്ഞു.












Click it and Unblock the Notifications