ഭീകരത അന്വേഷണ ഏജന്‍സിയ്‌ക്ക് അനുമതി
ദില്ലി: ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
ഇതു സംബന്ധിച്ച ബില്ലുകള്‍ നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.തിങ്കളാഴ്ച അടിയന്തരമായി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
നിയമഭേദഗതി വരുത്തുമ്പോള്‍ പോട്ടയിലേതിന് സമാനമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തോട് കോണ്‍ഗ്രസിലെയും യുപിഎ ഘടകകക്ഷികളിലെയും ഒട്ടുമിക്ക മന്ത്രിമാരും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം വ്യവസ്ഥകള്‍ കോടതിയില്‍ നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിമാരുടെ വിയോജിപ്പ്.
കടുത്ത വ്യവസ്ഥകള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്‌തേയ്‌ക്കുമെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഭീകരതയോട് സര്‍ക്കാറിനുള്ളത് ഗൗരവ നിലപാടാണെന്ന് സൂചിപ്പിക്കാന്‍ ദേശീയ അന്വേഷണ എജന്‍സിയുടെ രൂപീകരണവും നിയമഭേദഗതികളും പര്യാപ്‌തമാണെന്നാണ് മന്ത്രിമാരുടെ അഭിപ്രായം.
ആരോപണവിധേയര്‍ നിരപരാധിത്വം തെളിയിക്കണമെന്നും പൊലീസിന് മുന്നില്‍ നടത്തുന്ന കുറ്റസമ്മതം കോടതിയിലും നിലനില്‍ക്കുന്നതാണെന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും മന്ത്രിമാര്‍ നിരാകരിച്ചു, ഈ വ്യവസ്ഥകള്‍ പോട്ട നിയമത്തിലുള്ളവയാണ്.












Click it and Unblock the Notifications